
മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി സിനിമകളിൽ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഒരു ചിത്രത്തിൽ നായികയായുമെത്തി. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് കിട്ടിയ അമരത്തിൽ മരക്കാത്തിയുടെ ഭാഷയിൽ ഡബ്ബ് ചെയ്യാൻ തന്നെ ഏറെ സഹായിച്ചത് മമ്മൂട്ടിയാണെന്ന് ഓർത്തെടുക്കുകയാണ് ലളിത. കേരളകൗമുദി ഫ്ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അവർ മമ്മൂട്ടിയെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ നടത്തിയത്.
' മമ്മൂട്ടിയുമായി നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ കനൽകാറ്റിൽ എന്റെ നായകനായിരുന്നു. ഭരതേട്ടൻ സംവിധാനം ചെയ്ത അമരത്തിൽ എനിക്ക് മരക്കാത്തിയുടെ ഭാഷ ഡബ്ബിംഗ് സ്റ്റുഡിയോയിൽ വന്നിരുന്ന് പഠിപ്പിച്ച് തന്നത് മമ്മൂട്ടിയാണ്.
അമരത്തിൽ എന്റെ മകനായ അശോകനെ കടലിൽ കൊണ്ടുപോയി കൊന്നെന്ന് പറഞ്ഞ് മമ്മൂട്ടിയുടെ ഷർട്ടിന് കുത്തിപ്പിടിച്ച് ചീത്തപ്പറയുന്ന ഒരു ഷോട്ടുണ്ട്. ആ സമയത്ത് ഞാനല്ല അത് ചെയ്‌തതെന്ന രീതിയിൽ നിസാഹയനായി നിൽക്കുന്ന മമ്മൂട്ടിയുടെ മുഖം എനിക്ക് മറക്കാനാകില്ല. ആ മുഖഭാവം കണ്ടു കുറേ സമയം ഞാൻ ഡയലോഗ് മറന്നു നിന്നുപോയി. നിസാഹയത ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്ന നടൻ മമ്മൂട്ടിയാണ്.
ഡയലോഗ് പറയാതെ തന്നെ മമ്മൂട്ടിയുടെ ചില ഭാവങ്ങൾ കാണുമ്പോൾ നമ്മൾ വിങ്ങിപ്പോകും. ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം വെട്ടുപോത്തിന്റെ മുഖമായിരിക്കും മമ്മൂട്ടിക്ക്. ആദ്യത്തെ ബലംപിടിത്തം കഴിയുമ്പോഴാണ് ശരിക്കുള്ള മമ്മൂട്ടിയെ നമ്മൾ കാണുന്നത്." താനത് മമ്മൂട്ടിയോട് പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ടെന്നും ലളിത ഓർക്കുന്നു.