exams

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷൻ (സി ബി എസ് ഇ ), കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കേറ്റ് എക്സാമിനേഷൻസ് (സി ഐ എസ് സി ഇ) എന്നിവയുടെ രണ്ടാം ടേം പരീക്ഷ, മറ്റ് ബോർഡ് പരീക്ഷകൾ എന്നിവ ഓഫ്‌ലൈൻ രീതിയിൽ നടത്തുന്നത് റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് പത്താം ക്ളാസിന്റെയും പന്ത്രണ്ടാം ക്ളാസിന്റെയും ഓഫ്‌ലൈൻ പരീക്ഷകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിയത്.

ഇത് ഒരു മാനദണ്ഡമാക്കാൻ സാധിക്കില്ല. ഇത്തരം ഹർജികൾ പരിഗണിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കും. അധികൃതർ ഇതിനോടകം തന്നെ തീയതികളും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി വരികയാണ്. അവ പൂർത്തിയാകുമ്പോൾ എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാൽ പരാതിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്നും കോടതി വിലയിരുത്തി.

പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ ബോർഡ് പരീക്ഷകൾ ഓഫ്‌ലൈൻ രീതിയിൽ നടത്താൻ സി ബി എസ് ഇയ്ക്കും മറ്റ് വിദ്യാഭ്യാസ ബോർഡുകൾക്കും നിർദേശം നൽകണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. പതിനഞ്ചിലധികം സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ബോർഡ് പരീക്ഷകൾക്ക് ബദൽ മൂല്യനിർണയം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26ന് ആരംഭിക്കുമെന്ന് സി ബി എസ് ഇ അറിയിച്ചിരുന്നു. സി ഐ എസ് സി ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളുടെ പരീക്ഷ ഏപ്രിൽ അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.