baby

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ക്രൂരമായി മ‌ർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ അമ്മ. മകളെ ആരും ഉപദ്രവിച്ചിട്ടില്ല. ടിജിൻ കുഞ്ഞിനെ തല്ലുന്നത് ഇതുവരെ താൻ കണ്ടിട്ടില്ലെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കി. കുറച്ച് ദിവസങ്ങളായി അസാധാരണമായിട്ടായിരുന്നു കുട്ടിയുടെ പെരുമാറ്റം. ജനലിൽ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. അപ്പോഴും പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും കുട്ടി ഒന്നും പറഞ്ഞിരുന്നില്ല. കുന്തിരിക്കം കത്തിച്ചതിൽ എടുത്ത് ചാടിയാണ് പൊള്ളലുണ്ടായത്. ഇതിനു മേൽ വീണ്ടും മകൾ മുറിവുണ്ടാക്കിയെന്നും. ഇങ്ങനെ പല ദിവസങ്ങളിലെയും പരിക്കുകൾ ഒന്നിച്ച് വന്നതാവാം എന്നും കുട്ടിയുടെ അമ്മ പറയുന്നു. പിന്നീട് പനി വന്നതോടെ അപസ്മാരത്തിന്റെ ലക്ഷണങ്ങളും കണ്ട് തുടങ്ങിയതായും അവർ പറഞ്ഞു.

ആശുപത്രിയിലെത്തിക്കുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. എങ്കിലും 48 മണിക്കൂർ നിരീക്ഷണം തുടരുകയാണ്. ശ്വാസതടസം വീണ്ടുമുണ്ടായാൽ വെന്റിലേറ്ററിലേയ്ക്ക് മാറ്റേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വൈകുന്നേരത്തോടെ ട്യൂബ് വഴി ദ്രാവക രൂപത്തിൽ ഭക്ഷണം നൽകാനാകുമെന്നാണ് പ്രതീക്ഷ.

അതിനിടെ, താൻ ഒളിവിലല്ലെന്ന് ആക്രമിക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ പ്രതികരിച്ചു. പൊലീസിനെ ഭയന്നാണ് മാറി നിൽക്കുന്നതെന്നും നേരത്തേയുള്ള പരാതിയിൽ പനങ്ങാട് പൊലീസ് തന്നെ ക്രൂരമായി മർദിച്ചിരുന്നെന്നും ആന്റണി പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണതാണെന്നും കരയാത്തതിനാലാണ് ആശുപത്രിയിൽ എത്തിക്കാത്തതെന്ന കാര്യവും ആന്റണി വ്യക്തമാക്കി.നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പൊലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്‍റണി ടിജിന്‍ പറഞ്ഞു. അപസ്മാരം കണ്ടതോടെ താനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും ടിജിൻ പറഞ്ഞു.