
കൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി എന്നൊക്കെ പറയുമ്പോലെ എൻ. ഷംസുദ്ദീൻ നിയമസഭയ്ക്ക് പുതിയൊരു ഇടനാഴിയെ സംഭാവന ചെയ്തു. തെക്ക് മുതൽ വടക്ക് വരെ കേരളത്തിൽ ഗുണ്ടാ ഇടനാഴി രൂപപ്പെട്ടിരിക്കുകയാണത്രെ. അതായത്, ഗുണ്ടാസ് കോറിഡോർ.
യു.പിയിലും ബിഹാറിലും കാണുന്ന കാഴ്ചകൾ പിണറായിഭരണത്തിൽ കേരളത്തിലും കാണുന്നുവെന്നാണ് ഷംസുദ്ദീന്റെ കുറ്റപത്രം. "കേരളം ക്രമസമാധാനമാകെ തകർന്ന നാടായി മാറണേ..." എന്ന മോഹം ഷംസുദ്ദീനിൽ കലശലായതായി മുഖ്യമന്ത്രി പിണറായി വിജയൻ നിരൂപിച്ചു. ഉത്തർപ്രദേശിനെ കടത്തിവെട്ടുന്ന നാടാവണം കേരളം എന്നതും ഷംസുദ്ദീന്റെ മോഹമാണെന്നാണ് മുഖ്യമന്ത്രിയുടെ തോന്നൽ. ഫലത്തിൽ, അതിരുവിട്ട ചില മോഹങ്ങൾ മുഖപടമണിഞ്ഞ് സഭയിലെത്തിയെന്ന് പറയാം. സിനിമാപാട്ടിലെ പോലെ അതുകണ്ട് മൗനം തേങ്ങിക്കരഞ്ഞില്ലെന്ന് മാത്രം. പകരം സഭയിലാകപ്പാടെ ബഹളമായിരുന്നു.
കേരളത്തിലാകെ ക്രമസമാധാനത്തകർച്ചയാരോപിച്ചായിരുന്നു ശൂന്യവേളയിൽ എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ്. കേരളത്തിൽ കലാപമുണ്ടാക്കാൻ വർഗീയശക്തികളും നിങ്ങളുമാണ് കാരണക്കാരെന്ന് പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞു. വർഗീയശക്തികളുടെ വക്താക്കളായി മാറുന്ന അവസ്ഥ നിങ്ങളിൽ നിന്നുണ്ടാവരുതെന്നും ഉപദേശിച്ചു.
മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ബോധിച്ചില്ല. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റെടുത്തയാൾ കൊല്ലത്തിറങ്ങി ചെങ്കോട്ടയ്ക്ക് പോയ പോലെയായി അദ്ദേഹം ആ മറുപടിയെ ഉപമിച്ചു. "യു ഹാവ് മിസറബ്‌ളി ഫെയിൽഡ് ടു പ്രൊട്ടക്റ്റ് ദ ലൈഫ് ആൻഡ് പ്രോപ്പർട്ടീസ് ഒഫ് പീപ്പിൾ" എന്നദ്ദേഹം മുഖ്യമന്ത്രിയെ ചൂണ്ടി കയർത്തു. ഇടുക്കിയിൽ എസ്.എഫ്.ഐക്കാരനായ ധീരജിന്റെ കൊല, ആക്രമണത്തെ ചെറുക്കുന്നതിനിടയിൽ വൈകാരികമായി സംഭവിച്ച പിഴവായി സതീശൻ വിശദീകരിച്ചത്, ഭരണപക്ഷത്തെ പ്രകോപിപ്പിക്കുകയുണ്ടായി.
പ്രതിപക്ഷ ഇറങ്ങിപ്പോക്കോടെ മഴ തോർന്നെങ്കിലും മരം പെയ്തുകൊണ്ടിരുന്നു. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങിയ എ.സി. മൊയ്തീൻ പ്രതിപക്ഷത്തിൽ ദർശിച്ചത് ഇടതുതുടർഭരണമുണ്ടായതിന്റെ മോഹഭംഗമാണ്. കെ.പി. ഉമ്മറിനെപോലെ ഞാൻ വികാരജീവിയാണെന്ന് പറഞ്ഞാണോ ഇടുക്കിയിലെ ആ കുഞ്ഞിനെ കൊന്നതെന്ന് മൊയ്തീൻ ചോദിച്ചു. കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടവരുടെ പട്ടിക മൊയ്തീൻ വായിച്ചപ്പോൾ അടുത്തിരുന്ന കടകംപള്ളി സുരേന്ദ്രൻ കോറസ് പാടി. "വികാരപരം", "വികാരപരം..."
വിജിലൻസിന്റെ അധികാരച്ചിറകൊടിച്ചു കളഞ്ഞ മോദിയും ലോകായുക്തയുടെ അധികാരം കവർന്ന പിണറായിയും ഒരേ തൂവൽപക്ഷികളെന്ന് രമേശ് ചെന്നിത്തല വിലയിരുത്തി. സിൽവർലൈൻ സ്ഥലമെടുപ്പിലെ ആശങ്കകൾ അഡ്രസ്സ് ചെയ്യണമെന്നെല്ലാം സി.പി.ഐക്കകത്ത് വികാരം കലശലാണെങ്കിലും സി.പി.ഐയിലെ ഇ.ടി. ടൈസണിന് സിൽവർ ലൈനിനെ ഗോൾഡൻ ലൈനായി കാണാനാണ് തോന്നിയത്.
അടിയന്തരപ്രമേയത്തിന്റെ ഹാങ് ഓവറിൽ നന്ദിപ്രമേയ ചർച്ചയിലും അലയടിച്ചുനിന്നത് ക്രമസമാധാന പ്രശ്നം. ഭരണ-പ്രതിപക്ഷനിരകൾ മപ്പടിച്ചുനിന്നപ്പോൾ സഭയുടെ ക്രമസമാധാനവും കെടുന്നതായി തോന്നി.