nawab

മുംബയ്: ഇന്ത്യ തേടുന്ന കൊടുംഭീകരൻ ദാവൂദ് ഇബ്രാഹീമുമായി ബന്ധപ്പെട്ട ക്രിമിനൽ സംഘവുമായി ചേർന്ന് കള‌ളപ്പണം വെളുപ്പിച്ച കേസിൽ മഹാരാഷ്‌ട്രയിൽ മന്ത്രി അറസ്‌റ്റിൽ. എൻ‌സിപി നേതാവും പാർട്ടിയിലെ പ്രധാനികളിലൊരാളുമായ നവാബ് മാലിക്കാണ് ഇഡിയുടെ കസ്‌റ്റഡിയിലായത്. മഹാരാഷ്‌ട്ര ന്യൂനപക്ഷ കാര്യമന്ത്രിയാണ് നവാബ് മാലിക്.

ദാവൂദ് ഇബ്രാഹീമിന്റെ കൂട്ടാളികളുമായി പണമിടപാട് മാത്രമല്ല റിയൽ എസ്‌റ്റേറ്റ് കച്ചവടം നടത്തിയതിലും നവാബ് മാലിക്കിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയിരുന്നു. അന്വേഷണവുമായി നവാബ് മാലിക്ക് സഹകരിച്ചിരുന്നില്ല. ഈ കേസിൽ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ ഇഖ്‌ബാൽ കസ്‌കറെ കസ്‌റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ചില റിയൽ എസ്‌റ്റേറ്ര് ഡീലുകളിൽ നവാബ് മാലികിന് ബന്ധമുണ്ടെന്ന് കണ്ടതോടെ ഇദ്ദേഹത്തെ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് ചെയ്‌തത്.

ഇന്ന് രാവിലെ ആറ് മണിയോടെ മന്ത്രിയുടെ വീട്ടിലെത്തിയ ഇഡി സംഘം ഇവിടെ ഒരുമണിക്കൂർ ചോദ്യം ചെയ്‌തു. തുടർന്ന് മുംബയ് ഇഡി ഓഫീസിലെത്തിച്ച് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. നവാബ് മാലികിനെ ചോദ്യം ചെയ്യുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എൻസിപി പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്‌ടർ സമീർ വാംഖഡെയ്‌ക്കെതിരെ ശക്തമായ വിമർശനം മുൻപ് നവാബ് മാലിക് ഉന്നയിച്ചിരുന്നു. ആര്യൻ ഖാന്റെ അറസ്‌റ്റിൽ കേന്ദ്ര ഏജൻസികൾക്കെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ സംസാരിക്കുന്നവരെ ഏജൻസികൾ ലക്ഷ്യമാക്കുന്നു എന്നദ്ദേഹം ആരോപിച്ചു.

മന്ത്രിയുടെ അറസ്‌റ്റിൽ വിമർശനം ഉന്നയിച്ച എൻസിപിയോട് ബിജെപി നേതാക്കൾ ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. നിരവധി നിഷ്‌കളങ്കരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനകേസിൽ പ്രതിയാണ് ദാവൂദ് ഇബ്രാഹീം. അയാളുമായി ബന്ധമുള‌ളവരുടെ ഭൂമി സർക്കാർ ഏറ്റെടുക്കാൻ ഒരുങ്ങവെയാണ് ദേശീയ പാർട്ടിയുടെ നേതാവായ മന്ത്രി അത് വാങ്ങിയതെന്ന് ബിജെപി വിമർശിച്ചു.