
സമയം കിട്ടുമ്പോഴെല്ലാം പാചകപരീക്ഷണങ്ങൾ നടത്താൻ ഇഷ്‌ടപ്പെടുന്നവരാണ് ഏറെപ്പേരും. പുതിയ വിഭവങ്ങൾ ഉണ്ടാക്കി അത് മറ്റുള്ളവർക്ക് രുചിക്കാൻ കൊടുക്കുന്നത് ഒരു രസമുള്ള കാര്യം തന്നെയാണ്. അത്തരമൊരു പരീക്ഷണം നടത്തി വിജയിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമ്മ.
സ്വന്തം തോട്ടത്തിൽ വളർന്ന തക്കാളികൾ പറിച്ചെടുത്ത് അടിപൊളിയൊരു തക്കാളി ജാം ഉണ്ടാക്കിയെടുക്കുകയാണ് താരം. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം തന്റെ പാചകവീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
2020 ലെ ലോക്ഡൗൺ കാലത്താണ് അനുഷ്‌ക തക്കാളി ജാം ഉണ്ടാക്കിയത്. വീട്ടുകാർക്കൊപ്പം ചെലവഴിച്ച കൊവിഡ് കാലത്താണ് ഫാം ഹൗസിലെ തക്കാളി പറിച്ചെടുത്ത് വൃത്തിയാക്കി അരിഞ്ഞ് ജാം ഉണ്ടാക്കിയത്. ശേഷം അനുഷ്‌കയുടെ അച്ഛനും അമ്മയ്‌ക്കും കഴിക്കാനായി നൽകുന്നതും വീഡിയോയിൽ കാണാം.
ലോക്ഡൗൺ കാലത്ത് ധാരാളം ഫുഡ് വ്ലോഗുകൾ കണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെ ജാം ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമെന്ന് തീരുമാനിച്ചതെന്നുമാണ് അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
കൂടാതെ, 2021ൽ കൊവിഡ് പോകുമെന്ന് കരുതിയിരുന്നുവെന്നും അനുഷ്‌ക കുറിച്ചു. സംഗതി എന്തായാലും ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി പേരാണ് താരത്തിന്റെ പാചക പരീക്ഷണത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്.