banana-tree

നമ്മുടെ രാജ്യത്ത് നടക്കുന്ന വിവാഹങ്ങൾ പലപ്പോഴും പരമാവധി ആഢംബരമായി നടത്താനാണ് ശ്രമിക്കാറുള്ളത്. എന്നാൽ അത്തരം അനാവശ്യ ചെലവുകളോ ആഢംബരമോ ഒന്നുമില്ലാതെ നടത്തുന്ന വിവാഹങ്ങളും നമ്മുടെ നാട്ടിൽ നടക്കാറുണ്ട് എണ്ണത്തിൽ കുറവാണെന്ന് മാത്രം. അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വിവാഹത്തെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വിവാഹത്തിന്റെ ആകെ ചെലവ് എന്നത് വെറും 12000 രൂപയാണ്. വധു അല്ലെങ്കിൽ വരനായി എത്തുന്നത് വാഴ അല്ലെങ്കിൽ മൺകുടം ആയിരിക്കും. ഇത്തരം വിവാഹങ്ങളെ പറ്റിയും അത് നടത്തുന്നതിന്റെ കാരണം എന്താണെന്നും അറിയാം.

ജാതകത്തിലെ ദോഷങ്ങൾ കാരണം നിരവധി പ്രശ്നങ്ങളാണ് പലരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്. വിവാഹം നടക്കാൻ വൈകുക, നിസാര കാരണത്താൽ വിവാഹമോചനം, പങ്കാളിയുടെ പെട്ടെന്നുള്ള മരണം എന്നീ പ്രശ്നങ്ങൾക്ക് പലപ്പോഴും കാരണം ഇത്തരത്തിലുള്ള ദോഷങ്ങളാണ്. കഴിവതും വിവാഹത്തിന് മുമ്പ് തന്നെ ഈ ദോഷങ്ങൾക്ക് പരിഹാര പൂജകൾ നടത്തേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ജാതക ദോഷങ്ങൾ കാരണമുണ്ടാകുന്ന നെഗറ്റീവ് എനർജിയെ മാറ്റി സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇതിനായുള്ള പരിഹാര പൂജകൾ നടത്തിവരുന്നുണ്ട്.

ജാതക ദോഷങ്ങളും പരിഹാരവും

കുജ ദോഷം കളത്ര ദോഷം എന്നിവയാണ് പ്രധാനമായും ജാതകത്തിൽ വരുന്ന വിവാഹസംബന്ധമായ ദോഷങ്ങൾ. ഇവ മാറാനായാണ് വാഴ,കുംഭം, എരുക്ക് എന്നിവയെ വിവാഹം ചെയ്യുന്ന രീതിയിലുള്ള പൂജകൾ നടത്തുന്നത്. വിവാഹത്തിന് കാലതാമസം ഉണ്ടാകുക, നേരത്തേയുള്ള വിവാഹമോചനം, രണ്ടാം വിവാഹ സാദ്ധ്യത, പങ്കാളിയുടെ പെട്ടെന്നുള്ള മരണം അല്ലെങ്കിൽ വിട്ടുമാറാത്ത അസുഖങ്ങൾ എന്നീ ദോഷങ്ങൾക്ക് പരിഹാരം കാണാൻ ഈ പൂജകൾക്ക് സാധിക്കും എന്നാണ് വിശ്വാസം. ജാതകത്തിലെ ദോഷങ്ങൾ പരിഹരിച്ച് ശരിയായ രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഈ പൂജകൾ നിങ്ങളെ സഹായിക്കും. പ്രധാനമായും ആന്ധ്രാപ്രദേശ്, ബംഗാൾ കർണാടക എന്നിവിടങ്ങളിലാണ് ഇത്തരം പൂജകൾ നടത്തിവരുന്നത്.

പൂജാ രീതിയും ചെലവും

മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളതാണ് ഈ പൂജകൾ. ഏകദേശം 12,000 രൂപയാണ് ചെലവ് വരുന്നത്. രണ്ട് പൂജാരിമാർ ചേർന്നാണ് ഇത് നടത്തുന്നത്. ദോഷനിവാരണ പൂജയായതിനാൽ ഇത് ക്ഷേത്രത്തിന്റെ പുറത്ത് വച്ചാണ് നടത്തേണ്ടത്. വധു അല്ലെങ്കിൽ വരൻ പുതിയ വസ്ത്രങ്ങൾ ധരിച്ച് വേണം പൂജയിൽ പങ്കെടുക്കാൻ. പൂജയ്ക്ക് ശേഷം കുളിക്കണമെന്നതിനാൽ അതിന് ശേഷം ധരിക്കാനുള്ള പുതിയ വസ്ത്രങ്ങളും കരുതേണ്ടതാണ്.

ആരൊക്കെയാണ് ഈ പൂജ ചെയ്യേണ്ടത്

ജന്മനക്ഷത്രത്തിൽ വിവാഹവുമായി ബന്ധപ്പെട്ട ദോഷങ്ങളുള്ള സ്ത്രീകളും പുരുഷന്മാരുമാണ് ഈ പൂജ ചെയ്യേണ്ടത്. രാഹു-ശുക്രൻ, രാഹു- ബുധൻ, രാഹു-ശനി എന്നിങ്ങനെയുള്ള കോമ്പിനേഷനുകൾ ജാതകത്തിലുണ്ടെങ്കിൽ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കുംഭ വിവാഹം

kumbha-vivaham

അരിയുടെ മുകളിൽ മൺകുടം വച്ച ശേഷം അത് തുണി കൊണ്ട് പൊതിഞ്ഞ് പൂക്കളും മാവിലയും കൊണ്ട് അലങ്കരിക്കുന്നു. ശേഷം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിന് മുകളിൽ ചെറിയൊരു വിഷ്ണുവിഗ്രഹം വയ്ക്കുന്നു. പൂജയുടെ അവസാനം ഈ വെള്ളവും കുടവും പുഷ്കരിണി നദിയിലോ മറ്റേതെങ്കിലും നദിയിലോ ഒഴുക്കണം. ചടങ്ങിനായി ഉപയോഗിച്ച വധുവിന്റെ വസ്ത്രം ദാനം ചെയ്യുക, അല്ലെങ്കിൽ നദിയിൽ എറിയണം. പൂജയ്ക്ക് ഉപയോഗിച്ച വിഷ്ണു വിഗ്രഹം ബ്രാഹ്മണന് ദാനം ചെയ്യണം. മൺകുടം ജലത്തിൽ ഒഴുക്കുന്നതിന് മുമ്പ് വരൻ അല്ലെങ്കിൽ വധു കുറച്ച് സമയം അതിനൊപ്പം ചിലവഴിക്കേണ്ടതാണ്.

എരുക്ക് വിവാഹം

erukk

എരുക്ക് ചെടിയുമായി നടത്തുന്ന വിവാഹമാണ് എരുക്ക് വിവാഹം. കളത്രദോഷം ഉള്ള വരന് വേണ്ടിയുള്ളതാണ് ഈ പൂജ. കളത്രദോഷം ഉള്ളവരുടെ ഇണ പെട്ടെന്ന് മരണപ്പെട്ടേക്കാം. അതിനാൽ ഈ ദോഷമുള്ളവർ വിവാഹത്തിന് മുമ്പ് തന്നെ ഈ പൂജ നടത്തേണ്ടതാണ്.

വാഴ കല്യാണം

wedding

വാഴയെ വധുവോ വരനോ ആയി കണക്കാക്കിയാണ് ഈ പൂജ നടത്തുന്നത്. കല്യാണത്തിന്റെ അവസാനം വാഴ മുറിച്ച് നദിയിലേയ്ക്ക് ഒഴുക്കുകയും ചെയ്യുന്നു. ശേഷം മംഗളസൂത്രം ബ്രാഹ്മണന് ദാനം ചെയ്യും. സാധാരണ വിവാഹ ചടങ്ങുകൾ പോലെ തന്നെയാണ് ഈ പൂജയുംനടത്തുന്നത്. കുജ ദോഷം മാറാൻ ഈ പൂജ സഹായിക്കും എന്നാണ് വിശ്വാസം.

പൂജകൾ കൊണ്ടുള്ള പ്രയോജനങ്ങൾ

പുനർ വിവാഹം സംബന്ധിച്ച ദോഷങ്ങൾ മാറുന്നു. വിവാഹ ജീവിതത്തിൽ നിന്നും നെഗറ്റീവ് എനർജിയെ മാറ്റുന്നു. പങ്കാളിയുടെ മരണം, അസുഖങ്ങൾ തുടങ്ങിയ ദോഷങ്ങൾ മാറ്റുന്നു.

പൂജ ചെയ്യാൻ അനുയോജ്യമായ ദിവസം

സാധാരണ വിവാഹത്തിന് ദിവസം കുറിക്കുന്നതു പോലെ തന്നെയാണ് ഈ പൂജയ്ക്കും ദിവസം നിശ്ചയിക്കേണ്ടത്. ജ്യോതിഷ വിദഗ്ദ്ധനോട് അഭിപ്രായം തേടി ദിവസം തീരുമാനിച്ച് പൂജ നടത്തുക.