
ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് ലളിത ഞങ്ങളിൽ ഒരാളായി.
ഇതോടെ ലളിതയെക്കൂടാതെ ഒരു സിനമയെടുക്കുന്ന കാര്യം ആലോചിക്കാൻ പ്രയാസമായി..
-----------------------------------------------------------------------------------------------------------
എന്റെ സിനിമാജീവിതവുമായി ലളിതയെന്ന മഹാനടി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
1970ൽ കുടുംബാസൂത്രണ വകുപ്പിനുവേണ്ടിയുള്ള പ്രതിസന്ധിയെന്ന ഒരുമണിക്കൂർ ചിത്രത്തിന്റെ ഷൂട്ടിങ് തിരുവന്തപുരത്ത് ആരംഭിക്കുകയായിരുന്നു. അതിൽ ലബ്ധപ്രതിഷ്ഠരായ അടൂർ ഭാസി, എസ്.പി.പിള്ള എന്നിവരോടൊപ്പം പിന്നിട് പ്രശസ്തരായ ജനാർദ്ദനൻ, സുജാത, കരമന ജനാർദ്ദനൻ നായർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. അക്കാലം താര പദവിയിലേക്ക് കുതിച്ചുയർന്നുകൊണ്ടിരുന്ന ഒരു യുവനടി ഉൾപ്പെടുന്ന രംഗങ്ങളുടെ ദൃശ്യവൽക്കരണം ആരംഭിക്കുന്നതിന് പ്രാരംഭമായി മേക്കപ് ചെയ്ത് വേഷം ധരിക്കേണ്ട ഘട്ടമായപ്പോൾ സിനിമകളിൽ ഗ്ലാമർവേഷം മാത്രം ചെയ്ത് ശീലിച്ചിരുന്ന അവർക്ക് നൽകപ്പെട്ടിരുന്ന നാടൻവേഷത്തിലുള്ള അതൃപ്തി പ്രകടമാക്കാൻ തുടങ്ങി. അനിഷ്ടപ്രകടനം അണിയറയിൽ നിന്ന് അരങ്ങത്തേക്കെത്തി. എനിക്ക് നേരിട്ടിടപെടേണ്ടി വന്നു. അതോടെ
കാര്യങ്ങൾ വഷളായി. ഞാൻ വാശിയിലായി. ശരിക്കുമാലോചിക്കുമ്പോൾ, കുറച്ച് ഒത്തു തീർപ്പുകൾക്ക് ഞാൻ തയ്യാറാവേണ്ടതായിരുന്നു. പരിചയക്കുറവും നയമില്ലായ്മയും എന്റെ ഭാഗത്ത് വല്ലാതെ തൂങ്ങി. ഒടുവിൽ, ഇതോടെ പെരിശ് ഡയറക്‌ടേഴ്‌സെ പാത്തിരുക്ക് എന്നുപറഞ്ഞ് നടി പിണങ്ങിയിറങ്ങി പോയി. അത് ശരിക്കും ഒരു പ്രതിസന്ധി തന്നെ സൃഷ്ടിച്ചു.
ഞങ്ങൾ കൂടിയാലോചിച്ചു. പടത്തിന്റെ നിർമ്മാണം വിഘാതപ്പെടാൻ പാടില്ല. അപ്പോൾ
ഉയർന്നുവന്ന ഒരു പേരായിരുന്നു കെ.പി.എ.സി ലളിതയുടേത്. അന്നുതന്നെ ഭാസ്‌ക്കരൻ
നായർ(കുളത്തുർ)കായംകുളത്തേക്ക് പുറപ്പെട്ടു. കെ.പി.എ.സി. ക്യാമ്പിൽ നിന്ന് ലളിതയുമായാണ് തിരച്ചെത്തുന്നത്. ഷൂട്ടിംഗ് പൂർവാധികം ഉത്സാഹത്തോടെ പുനരാരംഭിച്ചു.
ഞങ്ങളെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് ലളിത ഞങ്ങളിൽ ഒരാളായി.
ഇതോടെ ലളിതയെക്കൂടാതെ ഒരു സിനമയെടുക്കുന്ന കാര്യം ആലോചിക്കാൻ പ്രയാസമായി.
സ്വയംവരത്തിൽ, ആദ്യമായി സിനിമാഭിനയത്തിന് തയ്യാറായ പി.കെ.വേണുക്കുട്ടൻ നായർ,
തിരുവനന്തപുരം നാടകവേദിയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന പി.സി.സോമൻ എന്നിവരോടും നായികയായ ശാരദയോടുമൊപ്പമായിരുന്നു ലളിത അവതരിപ്പിച്ച കല്യാണിയെന്ന കഥാപാത്രത്തിന്റെ വ്യാപാരം.
മദ്ധ്യവയസ്സെത്തിയെങ്കിലും കുട്ടികളുമായി കൂട്ടുകൂടി കറങ്ങിനടന്നും ഉത്സവപ്പറമ്പുകളിൽ രാവ് പകലുകൾ ചെലവഴിച്ചും ഇഷ്ടമുള്ളവർക്ക് വിറക് വെട്ടിയും വെള്ളം കോരിയും പിന്നെ ഇടയ്‌ക്കൊക്കെ രാഷ്ട്രിയജാഥകളിൽ പങ്കെടുത്ത് ശിഷ്ടസായന്തനങ്ങൾ കള്ള്ഷാപ്പുകളെ സജീവമാക്കിയുംപോന്ന ശങ്കരൻകുട്ടിയുടെ ( കൊടിയേറ്റം ) അടുക്കളയിലേക്ക് ദാമ്പത്യപാശത്താൽ ബന്ധിപ്പിക്കപ്പെട്ട് എത്തിപ്പെടുന്ന ശാന്തമ്മയെന്ന നാടൻകഥാപാത്രത്തെ അനായാസമായും സ്വാഭാവികമായും അവതരിപ്പിച്ചുകൊണ്ട് സർവ്വഥാ അർഹമായ നായികാപദവിയിലേക്ക് ലളിത എത്തിച്ചേരുകയായിരുന്നു.