
മഹാനടി കെ.പി.എ.സി ലളിത യാത്രയായി
ലളിതമാണ് കെ.പി.എ.സി ലളിത. കൂട്ടുകുടുംബം എന്ന സിനിമയിൽനിന്ന് ആരംഭിച്ച് മലയാളത്തിന്റെയും പ്രേക്ഷകരുടെയും കുടുംബക്കാരിയായി ജീവിച്ച കെ.പി.എ. സി ലളിത അരനൂറ്റാണ്ട് പിന്നിട്ട അഭിനയസപര്യയിൽ നിന്ന് വിട പറയുമ്പോൾ എന്നും ഒാർമ്മിക്കാൻ വിസ്മയിപ്പിച്ച കഥാപാത്രങ്ങൾ മാത്രമാണ് ഇനി. അമ്പതാണ്ടു പിന്നിടുന്ന നടനമായിരിക്കുമെന്ന് കൊച്ചു ലളിത അന്ന് കരുതിയതേയില്ല.എല്ലാം ചരിത്ര നിയോഗമായി കാണാനാണ് ആഗ്രഹിച്ചതും.അതേക്കുറിച്ച് ചോദിക്കുമ്പോൾ എല്ലാം കെ. പി.എ. സി ലളിതയുടെ ഒാർമ്മയിലേക്ക് നാടും വീടും അച്ഛനും അമ്മയും കയറി വരും. പിന്നെ ജീവിതത്തിൽ സഹായിച്ചവരുടെ മുഖങ്ങളും.
''എന്നെ ഒരു കലാകാരിയാക്കണമെന്ന് അച്ഛന് വലിയ വാശിയായിരുന്നു. ഡാൻസ് മാസ്റ്റർ ചെല്ലപ്പക്കുറുപ്പിന്റെ കാൽക്കൽ ദക്ഷിണ വച്ചാണ് ഞാൻ കലാജീവിതം തുടങ്ങിയത്. സിനിമയിലെയും നാടകത്തിലെയും എന്റെ ഗുരുക്കന്മാർ തോപ്പിൽ ഭാസി ചേട്ടനും സേതു മാധവൻ സാറുമാണ്. സിനിമയിൽ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തി ബഹദൂർക്കയാണ്. എന്നെ ഏറ്റവുമധികം സഹായിച്ചതും രക്ഷിച്ചതും ബഹദൂർക്കയാണ്. ബഹദൂർക്കയെ മറന്നുള്ള ഒരു ജീവിതം എനിക്കില്ല . അതു കഴിഞ്ഞ് ദിലീപ്. ബഹദൂർക്കയുടെ വേറൊരു രൂപമാണ് ദിലീപ്. ഞാൻ വേദനിക്കുന്ന സമയത്തെല്ലാം ദിലീപ് എന്റെ അടുത്ത് വന്നിട്ടുണ്ട്. മകളുടെ കല്യാണമുൾപ്പെടെ ഞാൻ സാമ്പത്തികമായി വല്ലാതെ ബുദ്ധിമുട്ടിയ സമയത്തെല്ലാം ദിലീപാണ് എന്നെ സഹായിച്ചത്. അതു പോലെ മറക്കാൻ കഴിയാത്ത മറ്റൊരാൾ സംവിധായകൻ ജയരാജാണ്.ഞാനും ഭരതേട്ടനും വിവാഹം കഴിക്കുന്നതിൽ ആർക്കും താത്പര്യമില്ലായിരുന്നു.
കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി. ഭരതേട്ടനു വർക്കൊന്നുമില്ലായിരുന്നു. ആ സമയത്ത് ആരവം എന്ന സിനിമ നിർമ്മിക്കാൻ ബഹദൂർ ഇക്ക തയ്യാറായി. പലരും അദ്ദേഹത്തെ ആ ഉദ്യമത്തിൽ നിന്ന് പിൻമാറ്റാൻ ശ്രമിച്ചു.അവരോടൊക്കെ ബഹദൂർ ഇക്ക പറഞ്ഞു എന്റെ സഹോദരിയെയാണ് ഭരതൻ വിവാഹം കഴിച്ചിരിക്കുന്നത്. അവനെ സഹായിക്കേണ്ടത് എന്റെ കടമയാണ്.അതു കൊണ്ട് ഒരിക്കലും പ്രോജക്ടിൽ നിന്ന് പിൻമാറില്ല. പടം എട്ടു നിലയിൽ പൊട്ടി. എങ്കിലും ആ സമയത്തെ ഇക്കയുടെ ഇടപെടൽ ഞങ്ങൾക്ക് ഒരുപാട് ആശ്വാസമായിയിരുന്നു."" കെ.പി.എ.സി ലളിത ഒരിക്കൽ ഇങ്ങനെ പറഞ്ഞു, കെ.പി.എ.സി ലളിത അഭിനയിച്ച ഒരു സിനിമയിലും കഥാപാത്രത്തിന് പകരക്കാരില്ലഎന്നതാണ്പ്രത്യേകത. അമരം, ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടുതവണ ദേശീയ അംഗീകാരം.നാലു തവണ സംസ്ഥാന അംഗീകാരം.
നമ്മൾ വിവാഹം കഴിക്കുന്നുവെന്ന് ഭരതേട്ടൻ
എപ്പോഴാണ് ഭരതേട്ടനെ കണ്ടതെന്ന് കൃത്യമായി ഓർമ്മിക്കാൻ കഴിയുന്നില്ല. സംവിധായകൻ ആകുന്നതിനു മുൻപ് തിരക്കുള്ള ആർട്ട് ഡയറക്ടറായിരുന്നു അദ്ദേഹം. അദ്ദേഹം ആദ്യമായി ആർട്ട് ഡയറക്ടറായ ചിത്രം ഗന്ധർവക്ഷേത്രമാണ്. ആ ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.പുതിയൊരു ആർട്ട് ഡയറക്ടർ വന്നിട്ടുണ്ടെന്ന് ഉദയായിൽ പറഞ്ഞു കേട്ടിരുന്നു. അന്ന് നമുക്ക് ആർട്ട് ഡയറക്ടർമാരുമായി അധികം ബന്ധമൊന്നുമില്ല. ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു എന്നൊക്കെ ആളുകൾ വെറുതേ പറയുന്നതാ. അന്ന് അദ്ദേഹത്തിന് മലയാളത്തിലെ ഒരു പ്രശസ്ത നടിയുമായി പ്രണയമുണ്ടായിരുന്നു. ഭരതേട്ടൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ രതിനിർവേദത്തിന്റെ സെറ്റിൽ ചെന്നപ്പോൾ ഞാൻ ഒരു വാർത്ത കേട്ടു . ഞാനും ഭരതേട്ടനുമായി അടുപ്പമാണെന്നും ട്രെയിനിൽ ഒരു കൂപ്പയിൽ യാത്രചെയ്തെന്നും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഞങ്ങളെ കണ്ടെന്നും ഒക്കെ സെറ്റിൽ വച്ച് പലരും പറഞ്ഞു. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. അങ്ങനെ എല്ലാവരും ചേർന്ന് ഇല്ലാത്ത പ്രണയത്തെക്കുറിച്ചു കഥകൾ ഉണ്ടാക്കിയപ്പോൾ ഭരതേട്ടൻ തന്നെയാണ് എന്നോട് പറഞ്ഞത് അങ്ങനെയെങ്കിൽ നമ്മൾക്ക് വിവാഹം കഴിക്കാമെന്ന്. 19 7 8 ജനുവരിയിലായിരുന്നു വിവാഹം . ബഹദൂർക്കയും എൻ. ഗോവിന്ദൻ കുട്ടി ചേട്ടനും മാത്രമാണ് സിനിമാമേഖലയിൽ നിന്ന് വിവാഹത്തിനെത്തിയത്.
അച്ഛനും അമ്മയും പോലെ പാർട്ടി
കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവൊന്നും എനിക്കില്ല. ചുവപ്പിനോട് എന്നും ഒരു പ്രത്യേക ഇഷ്ടവും ആവേശവുമൊക്കെയുണ്ട് . പാർട്ടി വിഭജിച്ചപ്പോൾ കെ.പി.എ.സി സി.പി.ഐ യുടെ കൂടെയാണ് നിന്നത്. ഇന്ന് എനിക്ക് രണ്ടു പാർട്ടികളോടും ഒരേപോലെ ഇഷ്ടമാണ്. സി.പി.എമ്മിന്റെയും സി.പി.ഐ യുടെയും എല്ലാ പരിപാടികളിലും ഞാൻ പങ്കെടുക്കാറുണ്ട്. രണ്ടു പാർട്ടികളുടെയും നേതാക്കന്മാരുമായി വളരെ അടുത്ത ബന്ധവുമുണ്ട്. അച്ഛനും അമ്മയും പോലെയാണ് എനിക്ക് സി.പി.ഐ യും സി.പി.എമ്മും.കെ.പി.എ.സി എന്ന ആ നാലക്ഷരം ആണ് എന്റെ നിലനിൽപ്പ്. ആ സമിതിയോടും നാടകത്തോടും എന്നും എനിക്ക് അടങ്ങാത്ത അഭിനിവേശം.
അമരത്തിലെ ഭാർഗവി, വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണ്, സ്ഫടികത്തിലെ മേരി, കനൽക്കാറ്റിലെ ഒാമന, മുഖമുദ്ര യിലെ കൊച്ചു ത്രേസ്യ, വിയ്റ്റ്നാം കോളനിയിലെ പട്ടാളം ഭാർഗവി, പവിത്രത്തിലെ പുഞ്ചിരി അമ്മ, മാടമ്പിയിലെ സ്നേഹനിധി അമ്മ ഈ കഥാപാത്രങ്ങളിൽ ജീവിക്കുകായിരുന്നുവെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെയാകും, 'എന്നിലെ വേദനകൾ കഥാപാത്രങ്ങളിലൂടെയാണ് മറക്കുക.അപ്പോൾ ജീവിതമാകും." ശേഷം നാട്യങ്ങളില്ലാത്ത ചിരി.