cremated
cremated

തൃശൂർ: മലയാളസിനിമ കണ്ട ഏറ്റവും മികച്ച അഭിനേത്രി കെപിഎസി ലളിത ഓർമ്മയായി. വടക്കാഞ്ചേരി എങ്കക്കാട്ടെ 'ഓർമ്മ' വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. അന്തിമോപചാരം അർപ്പിക്കാനെത്തിയ ജനാവലി സാക്ഷിയായി വൈകുന്നേരം ആറ് മണിയോടെ മകൻ സിദ്ധാർത്ഥ് ഭരതൻ ചിതയ്‌ക്ക് തീകൊളുത്തി.

ഭർത്താവും പ്രമുഖ സംവിധായകനുമായ ഭരതന്റെ സ്‌മൃതികുടീരത്തോട് ചേർന്ന് തന്നെയാണ് ലളിതയ്‌ക്കും അന്ത്യവിശ്രമത്തിനുള്ള ഇടം ഒരുക്കിയിരിക്കുന്നത്. സിനിമാ രംഗത്തെ സഹപ്രവർത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ചൊവ്വാഴ്‌ച രാത്രി 10.45ഓടെ തൃപ്പൂണിത്തുറയിലെ മകൻ സിദ്ധാർത്ഥ് ഭരതന്റെ വീട്ടിൽ വച്ചായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. ഏറെനാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ എട്ട് മണി മുതൽ തൃപ്പൂണിത്തുറയിലെ ലായം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹം 11.30ഓടെ വടക്കാഞ്ചേരിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോയി. തൃശൂർ സംഗീത നാടക അക്കാഡമി ഹാളിലും വടക്കാഞ്ചേരി നഗരസഭയിലും പൊതുദർശനത്തിന് വച്ചു. തുടർന്നാണ് എങ്കക്കാട്ടിലെ വീട്ടുവളപ്പിലേക്ക് എത്തിച്ചത്.