election

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എ.ഐ.ഡി.എം.കെയെ മലർത്തിയടിച്ച് 21 കോർപ്പറേഷനിലും വൻ വിജയം നേടി ഭരണകക്ഷിയായ ഡി.എം.കെ. ആകെയുള്ള 138 മുനിസിപ്പാലിറ്റികളിൽ 130 ഇടത്തും കേവലഭൂരിപക്ഷം നേടാനും ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗസ്സീവ് സഖ്യത്തിന് സാധിച്ചു. 489 നഗര പഞ്ചായത്തുകളിൽ 350 ഇടത്തും അമ്പതുശതമാനമെന്ന കേവലഭൂരിപക്ഷം സഖ്യം മറികടന്നു. കോൺഗ്രസ്, സി.പി.എം., വി.സി.കെ., എം.ഡി.എം.കെ., സി.പി.ഐ, മുസ്ലിം ലീഗ് എന്നീ കക്ഷികൾ എസ്.പി സഖ്യത്തിന്റെ ഭാഗമാണ്. അതേസമയം, ഈ തിരഞ്ഞെടുപ്പോടെ ബി.ജെ.പി സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പാർട്ടിയായതായി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ബി.ജെ.പി. 22 കോർപറേഷൻ വാർഡുകളിലാണ് വിജയിച്ചു. നഗര തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ആകെയുള്ള 12,838 വാർഡുകളിൽ 308 ഇടത്ത് ബി.ജെ.പി. വിജയിച്ചു. ഇതിൽ 85 സീറ്റും കന്യാകുമാരി ജില്ലയിലാണ്.