power-outage-in-chandigar

ചണ്ഡീഗഢ്: വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നതിനെതിരായ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ടു നിന്ന സമരത്തിൽ സ്തംഭിച്ച് ഛണ്ഡീഗഢ്. വൈദ്യുതി മുടങ്ങിയതോടെ 36 മണിക്കൂറാണ് ജനം ഇരുട്ടിലായതും വെള്ളമില്ലാതെ വലഞ്ഞതും. തിങ്കളാഴ്ച വൈകിട്ട് മുതൽ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതിയും വെള്ളവും ഉണ്ടായിരുന്നില്ല. നഗരത്തിലെ പലയിടങ്ങളിലും വഴിവിളക്കുകൾ പോലും പ്രവർത്തിച്ചില്ല. ആശുപത്രികൾ, ഓൺലൈൻ ക്ലാസുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ സേവനങ്ങളും തടസ്സപ്പെട്ടു. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നു. സമരം പിൻവലിക്കാൻ കേന്ദ്ര യൂണിയൻ ടെറിട്ടറി ഉപദേഷ്ടാവ് ധരംപാൽ ജീവനക്കാരുടെ യൂണിയനുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

സമരം ജനജീവിതം ദുസ്സഹമാക്കിയതോടെ ചൊവ്വാഴ്ച വൈകിട്ട് സർക്കാർ എസ്മ (എസൻഷ്യൽ സർവീസ് മെയ്ന്റനൻസ് ആക്ട്) പ്രഖ്യാപിക്കുകയും പണിമുടക്കുകൾ ആറ് മാസത്തേക്ക് നിരോധിക്കുകയും ചെയ്തു. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ തുടരുകയാണെന്നാണ് വ്യാപാരികളടക്കമുള്ളവരുടെ ഭാഷ്യം.