
ദുബായ് : റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കിയതോടെ യു.എ.ഇയിലേക്ക് ഇന്ത്യയിൽ നിന്നടക്കം സഞ്ചാരികളുടെ വരവ് വർദ്ധിച്ചു. നിയന്ത്രണങ്ങളിൽ അയവ് വന്നതിന് പിന്നാലെ ദുബായ്, ഷാർജ തുടങ്ങിയ നഗരങ്ങളിൽ ഹോട്ടലുകൾ പൂർണശേഷിയോടെ പ്രവർത്തനം ആരംഭിച്ചതും സഞ്ചാരികൾക്കനുകൂലമായി. ഹോട്ടലുകളിൽ താമസക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സാംസ്കാരിക പരിപാടികളും മറ്റും പുനഃരാരംഭിച്ചു. ഓഡിറ്റോറിയങ്ങളും ഹാളുകളും പൊതുപരിപാടികൾക്ക് ഉപാധികളോടെ നൽകാൻ തുടങ്ങി. കൊവിഡിനെ തുടർന്ന് നിറുത്തിവച്ച ടൂർണമെന്റുകളും പുനഃരാരംഭിച്ചു. ദുബായ്‌യിലേക്കും ഷാർജയിലേക്കുമുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന കൊവിഡ് റാപ്പിഡ് ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം വ്യോമയാന അതോറിറ്റി അറിയിച്ചിരുന്നു.