
ലണ്ടൻ: നിലവിലെ ചാമ്പ്യന്മാരായ ചെൽസിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‌ബാളിന്റെ ആദ്യപാദ പ്രീ ക്വാർട്ടറിൽ മിന്നുന്ന വിജയം. കഴിഞ്ഞ രാത്രി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി ഫ്രഞ്ച് ക്ളബ് ലിലെയെ കീഴടക്കിയത്. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ ക്ളബ് യുവന്റസിനെ സപാനിഷ് ക്ളബ് വിയ്യാറയൽ 1-1ന് സമനിലയിൽ തളച്ചു.
കെയ് ഹാവെർട്‌സും ക്രിസ്റ്റ്യൻ പുലിസിച്ചും നേടിയ ഗോളുകൾക്കാണ് ഹോംഗ്രൗണ്ടിൽ ചെൽസിയ് വിജയം കണ്ടത്.
എട്ടാം മിനിട്ടിൽ ഹാവെർട്‌സിലൂടെ ചെൽസി ലീഡെടുത്തു. തകർപ്പൻ ഹെഡറിലൂടെയാണ് ഹാവെർട്‌സ് ഗോളടിച്ചത്. ഈ ഗോളിന് ആദ്യ പകുതിയിൽചെൽസി മുന്നിട്ടുനിന്നു. 63-ാം മിനിട്ടിൽ എൻഗോളോ കാന്റെയുടെ പാസിൽ നിന്ന് പുലിസിച്ച് ചെൽസിയ്ക്ക് വേണ്ടി രണ്ടാം ഗോൾ നേടി.
കിക്കോഫ് വിസിലിന്റെ ആരവം അടങ്ങുംമുന്നേ ഗോൾ നേടിയിട്ടും യുവന്റസിന് വിയ്യാറയലിനോട് സമനില വഴങ്ങേണ്ടി വരികയായിരുന്നു. വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ 33-ാം സെക്കൻഡിൽ തന്നെ യുവന്റസ് ലീഡെടുത്തു. യുവതാരം ഡ്യൂസൻ വ്ളാഹോവിച്ചാണ് അതിവേഗം വലകുലുക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഒരു അരങ്ങേറ്റ താരത്തിന്റെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന റെക്കാഡ് ഡ്യൂസൻ ഇതോടെ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്. ആദ്യ പകുതിയിൽ ഈ ലീഡ് കാത്തുസൂക്ഷിക്കാൻ യുവന്റസിന് സാധിച്ചു. എന്നാൽ രണ്ടാം പകുതിയിൽ വിയ്യാറയൽ ശക്തമായി തിരിച്ചുവന്നു. 66-ാം മിനിട്ടിൽ ഡാനി പറേഹോയിലൂടെയാണ് ആതിഥേയർ സമനില പിടിച്ചെടുത്തത്.
യുവന്റസിന്റെയും ചെൽസിയുടെയും രണ്ടാംപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ അടുത്തമാസം 17-ന് നടക്കും.