arrest

കാഠ്മണ്ഡു : ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ വായ്പാ തട്ടിപ്പ് പദ്ധയിയുടെ പിന്നിൽ പ്രവർത്തിച്ച 115 നേപ്പാൾ സ്വദേശികളെയും രണ്ട് ചൈനീസ് പൗരന്മാരെയും നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാഠ്മണ്ഡു, ഭക്തപ്പൂർ എന്നിവിടങ്ങളിൽ നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകൾക്കിടെയാണ് ഇവരെ പിടികൂടിയത്.

തിങ്കളാഴ്ച കാഠ്മണ്ഡുവിൽ അറസ്റ്റ് ചെയ്യപ്പെട്ട 37 പേരിൽ ഉൾപ്പെട്ട ചാംഗ് ഹു ബാവോ എന്ന ചൈനീസ് പൗരൻ നേപ്പാളി യുവാക്കളുടെ സഹായത്തോടെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിയമവിരുദ്ധ വ്യാപാര പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ബിസിനസ് സ്ഥാപനങ്ങൾക്ക് ഐടി സേവനങ്ങൾ നൽകുന്നതിന്റെ പേരിൽ ലെവാൻ ഗ്രൂപ്പ് എന്ന കമ്പനി ഇവർ രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായവരിൽ 13 പേർ പെൺകുട്ടികളാണ്.

ഇതിന് പിന്നാലെയാണ് ഭക്തപ്പൂർ ജില്ലയിലെ സാനോ തിമിയിൽ നിന്ന് 47 പെൺകുട്ടികൾ ഉൾപ്പെടെ 80 പേരടങ്ങുന്ന റാക്കറ്റ് പൊലീസിന്റെ പിടിയിലായത്. വാംഗ് സിനാവോ എന്ന ചൈനീസ് പൗരനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ മൂന്ന് നില ഓഫീസ് കെട്ടിടത്തിൽ നിന്ന് 48 ലാപ്ടോപ്പുകളും 14 കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.

ഒന്നര മാസം മുമ്പ് ബിസിനസ് ആരംഭിച്ച രണ്ട് ചൈനീസ് പൗരന്മാരും ഓൺലൈനിൽ 2.5 മുതൽ 3.5 ശതമാനം വരെ പലിശ നിരക്കിൽ ഇന്ത്യക്കാർക്ക് ഹ്രസ്വകാല വായ്പകൾ വാഗ്ദാനം ചെയ്തിരുന്നു. റേഷൻ കാർഡിന്റെ പകർപ്പും ഫോട്ടോയും നൽകുന്ന ഇന്ത്യക്കാർക്ക് ഇവർ 3,000 മുതൽ 30,000 വരെ വായ്പ നൽകിയിരുന്നു. പണം പലിശ സഹിതം തിരിച്ചു നൽകിയില്ലെങ്കിൽ നേപ്പാളി യുവാക്കൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.

ചൈനീസ് പൗരന്മാർ മാസം ലക്ഷങ്ങൾ സമ്പാദിച്ചപ്പോൾ നേപ്പാൾ സ്വദേശികൾക്ക് പ്രതിമാസം 15,000 മുതൽ 20,000 രൂപ വരെ ലഭിച്ചിരുന്നു. ഇവർക്ക് ചൈനയിൽ നിന്നാണ് അക്കൗണ്ടിലേക്ക് പണമെത്തിയത്. ലോൺ ക്യൂബ്, റുപ്പീ വേ, വോ റുപ്പീ തുടങ്ങിയ ആപ്പുകൾ വഴിയാണ് മൂന്ന് മാസം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പയ്ക്കായി ഇവർ ഇന്ത്യക്കാരെ ആകർഷിച്ചിരുന്നത്.