 
മാലിക് എൻ. സി. പി ദേശീയ വക്താവ്
മുംബയ്: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും ഉൾപ്പെട്ട കള്ളപ്പണ, ഭൂമി ഇടപാടുകളിൽ ബന്ധം ആരോപിച്ച് മഹാരാഷ്ട്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എൻ.സി.പി ദേശീയ വക്താവുമായ നവാബ് മാലിക്കിനെ (62) എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ മാലിക്കിന്റെ വസതിയിലും പിന്നീട് ഇ.ഡി ഓഫീസിലുമായി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
ചോദ്യങ്ങളിൽ നിന്ന് മാലിക്ക് ഒഴിഞ്ഞുമാറിയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇ.ഡി പറഞ്ഞു.
ദാവൂദിന്റെ കൂട്ടാളികളുമായുള്ള മാലിക്കിന്റെ ഇടപാടുകളുടെയും മാലിക് സ്വത്തുക്കൾ വാങ്ങിയതിന്റെയും ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇ ഡി വ്യക്തമാക്കി.
അഞ്ചു തവണ എം. എൽ. എ ആയിട്ടുള്ള നേതാവണ് നവാബ് മാലിക്. അറസ്റ്റിനു പിന്നാലെ എൻ. സി. പി അദ്ധ്യക്ഷൻ ശരദ് പവാർ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച് സ്ഥിതി ചർച്ച ചെയ്‌തു. പവാർ ഉടൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കാണും.
ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീൽ, ഇക്ബാൽ മിർച്ചി എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്‌കറിനെ കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്‌തിരുന്നു.
ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചത് ഇ.ഡി അന്വേഷണത്തിലാണ്. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങൾ ലഭിച്ചതായും ഇ.ഡി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാലിക്കിന്റെ അറസ്റ്റ്. കൂടുതൽ ഉന്നതർക്ക് കേസുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.
രാജി ആവശ്യപ്പെടില്ല
അറസ്റ്റിന്റെ പേരിൽ മാലിക്കിനോട് രാജി ആവശ്യപ്പെടില്ലെന്ന് എൻ.സി.പി വൃത്തങ്ങൾ വ്യക്തമാക്കി. അറസ്റ്റ് കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ആരോപിച്ചു. ബി. ജെ പിയുടെ എറ്റവും വലിയ വിമർശകനാണ് നവാബ് മാലിക്. ദക്ഷിണ മുംബയിലെ ഇ.ഡി ഓഫീസിനു മുന്നിൽ തടിച്ചുകൂടിയ എൻ.സി.പി പ്രവർത്തകർ അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.