
മുംബയ്: ഇന്ത്യൻ ടീമിലേക്ക് മലയാളിതാരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയത് വ്യക്തമായ പദ്ധതികളോടെയെന്ന് ക്യാപ്ടൻ രോഹിത് ശർമ്മ. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് ആവശ്യം സഞ്ജുവിനെ പോലെയുള്ള സ്ട്രോക്ക് പ്ളെയേഴ്സിനെയാണെന്നും അത് കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് സഞ്ജുവിനെ ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയതെന്നും രോഹിത് വ്യക്തമാക്കി. നാളെ ലക്നൗവിൽ വച്ചാണ് ആദ്യ ടി ട്വന്റി മത്സരം.
സഞ്ജു തിളങ്ങിയ ഐ പി എൽ മത്സരങ്ങളിലെല്ലാം ഇമവെട്ടാതെയാണ് അദ്ദേഹത്തിന്റെ കളി കണ്ടുകൊണ്ടിരുന്നതെന്നും അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് തന്നെയാണ് അതിനുള്ള പ്രധാന കാരണമെന്നും രോഹിത് വെളിപ്പെടുത്തി. സഞ്ജു വളരെയേറെ കഴിവുള്ള താരമാണെന്നും എന്നാൽ ആ കഴിവ് എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് സഞ്ജു തന്നെയാണെന്നും രോഹിത് പറഞ്ഞു. സഞ്ജുവിന്റെ ബാക്ക് ഫൂട്ടിൽ ഊന്നിയുള്ള കളിമികവിനെ പ്രശംസിച്ച രോഹിത്, സഞ്ജുവിനെ പോലൊരു താരത്തെ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിലെ വേഗമേറിയ ബൗൺസിംഗ് പിച്ചിൽ ആവശ്യമായി വരുമെന്നും വ്യക്തമാക്കി.
സഞ്ജുവിന് വൈവിദ്ധ്യമേറിയ നിരവധി ഷോട്ടുകളുണ്ടെന്നും എന്നാൽ അവയെ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് സഞ്ജു തന്നെയാണെന്നും രോഹിത് പറഞ്ഞു. അവസരങ്ങൾ പരമാവധി മുതലാക്കണമെന്നും ഇന്ത്യൻ ടീമിന് സഞ്ജുവിനെ പോലൊരു താരത്തിനെ ആവശ്യമുണ്ടെന്നും രോഹിത് കൂട്ടിച്ചേർത്തു.