ukraine

മോസ്കോ : യുക്രെയിൻ വിഷയത്തിൽ കഴിഞ്ഞ ദിവസം യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് റഷ്യ. ഇന്ത്യ ആരുടെയും പക്ഷത്ത് ചേർന്നില്ലെന്നും ഇന്ത്യയുടെ സ്വതന്ത്ര നിലപാടിനെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യയിലെ റഷ്യൻ പ്രതിനിധി റോമൻ ബബുഷ്കിൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലെ സവിശേഷവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളത്തത്തിന്റെ പ്രതിഫലമാണ് ഇന്ത്യയുടെ നിലപാടെന്നും യു.എന്നിൽ സ്വതന്ത്രമായി നിന്ന ഇന്ത്യ നിർണായക ശക്തിയാണെന്നും ബബുഷ്കിൻ കൂട്ടിച്ചേർത്തു.

യുക്രെയിനെ രാഷ്ട്രീയ കളികൾക്കായി യു.എസ് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ' യുക്രെയിനിലെ വിമത മേഖലകളെ സ്വതന്ത്രമായി അംഗീകരിക്കുകയെന്നത് ദീർഘനാളായി ഉയരുന്ന ആവശ്യമായിരുന്നു. യുക്രെയിൻ ഈ മേഖലകളിൽ വംശീയ ഉന്മൂലനം നടത്തിവരികയായിരുന്നു.

യുക്രെയിനടക്കം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ യു.എസ് ഇടപെടുകയും റഷ്യയ്ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും ചെയ്യുന്നു. നാറ്റോ സൈനിക വിന്യാസം വേണ്ടെന്ന കരാർ യുക്രെയിൻ ലംഘിച്ചു. റഷ്യാ വിരുദ്ധ ദേശീയവാദികളെ യുക്രെയനിൽ കൊണ്ടുവരാനായിരുന്നു യു.എസിന്റെ ശ്രമം. ഇതിനായി അവർ സാമ്പത്തിക സഹായവും നൽകി. യുക്രെയിന് മിൻസ്ക് ഉടമ്പടി നടപ്പാക്കാനും താത്പര്യമില്ലായിരുന്നു. "

യുക്രെയിൻ - റഷ്യ സംഘർഷം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിനാണ് അടിയന്തര പ്രാധാന്യം നൽകേണ്ടതെന്നുമായിരുന്നു ഇന്ത്യ യു.എന്നിൽ പ്രതികരിച്ചത്. എത്രയും വേഗം സൗഹൃദപരമായ പരിഹാരത്തിനായി നയതന്ത്ര ശ്രമങ്ങൾ ഊർജിതമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.