
ഇന്ത്യ -ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് ലക്നൗവിൽ തുടക്കം
വിരാട്,സൂര്യകുമാർ,റിഷഭ് പന്ത് എന്നിവരില്ലാത്തതിനാൽ മലയാളി താരം സഞ്ജു സാംസണിന് പ്ളേയിംഗ് ഇലവനിൽ അവസരം ലഭിച്ചേക്കും.
ലക്നൗ : വെസ്റ്റ് ഇൻഡീസിനെതിരായ ആറാട്ടുകഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയ്ക്ക് എതിരായ പോരാട്ടങ്ങൾക്ക് പാഡുകെട്ടുമ്പോൾ മലയാളി ആരാധകർ ചോദിക്കുന്നത് നമ്മുടെ സ്വന്തം സഞ്ജു സാംസണിന് പ്ളേയിംഗ് ഇലവനിൽ സ്ഥാനമുണ്ടാകുമോ എന്നാണ്.
ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് വേദിയാകുന്നത് ലക്നൗ ആണ്. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ മുൻ നായകൻ വിരാട് കൊഹ്‌ലിയും വിക്കറ്റ് കീപ്പർ റിഷഭ് പന്തും ഉൾപ്പെട്ടിട്ടില്ല. വിൻഡീസിനെതിരായ പരമ്പരയിൽ മാൻ ഒഫ് ദ സിരീസായ സൂര്യകുമാർ യാദവിന് പരിക്കുമൂലം കളിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ സഞ്ജു പ്ളേയിംഗ് ഇലവനിൽ എത്താൻ സാദ്ധ്യത ഏറെയാണെന്ന് ആരാധകർ കരുതുന്നു.
ഈ വർഷം നടക്കുന്ന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ടീമിനെ വാർത്തെടുക്കുന്നതിനാണ് കോച്ച് ദ്രാവിഡ് ഈ പരമ്പരയിലൂടെ ശ്രമിക്കുന്നത്. ദ്രാവിഡിന്റെ ലോകകപ്പ് സംഘത്തിൽ സഞ്ജുവിനും സ്ഥാനമുണ്ടാകും എന്ന ശക്തമായ സൂചനയാണ് ഈ പരമ്പരയിൽ ടീമിലെടുത്തതോടെ ലഭിച്ചിരിക്കുന്നത്. ടീം പ്രഖ്യാപനത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് സെലക്ടർ ചേതൻ ശർമ്മയും ഇന്നലെ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ ക്യാപ്ടൻ രോഹിത് ശർമ്മയും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് ടീമിലെടുത്തിരിക്കുന്നത്. ഫസ്റ്റ് ഡൗൺ പൊസിഷനിലേക്കോ സെക്കൻഡ് ഡൗൺ പൊസിഷനിലേക്കോ ആവും സഞ്ജുവിനെ പരിഗണിക്കുക. ശ്രേയസ് അയ്യരും ഈ പൊസിഷനുകളിലെത്താൻ സാദ്ധ്യതയുള്ള താരമാണ്. പരിക്കുമാറിയെത്തിയ രവീന്ദ്ര ജഡേജയെയും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ എന്നിവരും കളത്തിലിറങ്ങാൻ കാത്തിരിപ്പുണ്ട്. പേസർ ദീപക് ചഹർ പരിക്കുമൂലം കളിക്കില്ല.സ്പിന്നർമാരായി കുൽദീപ്,ചഹൽ എന്നിവർക്കൊപ്പം വിൻഡീസിനെതിരായ പരമ്പരയിൽ അരങ്ങേറി മിന്നിയ രവി ബിഷ്ണോയ്‌യുമുണ്ട്.
ആസ്ട്രേലിയയിൽ ചെന്ന് ട്വന്റി-20 പരമ്പരയിൽ 4-1 തോറ്റശേഷമാണ് ദാസുൻ ഷനക നയിക്കുന്ന ലങ്കൻ ടീം ഇന്ത്യയിലെത്തിയിരിക്കുന്നത്.ചരിത് അസലങ്കയാണ് വൈസ് ക്യാപ്ടൻ. വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് ചാന്ദിമൽ,ദുഷ്മന്ത ചമീര,കുശാൽ മെൻഡിസ് തുടങ്ങിയവർ ടീമിലുണ്ട്. അതേസമയം കൊവിഡ് പൊസിറ്റീവായി തുടരുന്ന വാനിന്ദു ഹസരംഗയെ കൂടാതെയാണ് ആസ്ട്രേലിയയിൽ നിന്ന് ലങ്കൻ ടീം ഇന്ത്യയിലെത്തിയത്.
ഇന്ത്യൻ  ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ),ബുംറ (വൈസ് ക്യാപ്ടൻ), റിതുരാജ് ഗെയ്ക്ക്വാദ്,ശ്രേയസ് അയ്യർ,സഞ്ജു സാംസൺ,ഇഷാൻ കിഷൻ,വെങ്കടേഷ് അയ്യർ,ദീപക് ഹൂഡ,രവീന്ദ്ര ജഡേജ,ചഹൽ,രവി ബിഷ്ണോയ്,കുൽദീപ് യാദവ്,സിറാജ്,ഭുവനേശ്വർ,ഹർഷൽ പട്ടേൽ,ആവേഷ് ഖാൻ.
ട്വന്റി-20 ഫിക്സചർ
1.ഇന്ന് - ലക്നൗ
2. ഫെബ്രുവരി 26- ധർമ്മശാല.
3. ഫെബ്രുവരി 27 - ധർമ്മശാല
ട്വന്റി-20 പരമ്പരയ്ക്ക് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയും ലങ്കയുമായി കളിക്കും.
സഞ്ജുവിനെ വാഴ്ത്തി രോഹിത്
ലങ്കയ്ക്ക് എതിരായ ട്വന്റി -20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ മലയാളി താരം സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. വരുന്ന ലോകകപ്പിൽ സഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ രോഹിത് മലയാളി താരത്തിന്റെ കേളീശൈലിയെയും വാഴ്ത്തി.
അപാരമായ കഴിവുള്ള താരമാണ് സഞ്ജു. ആ ബാറ്റിംഗ് ആരാധകരെ ആവേശത്തിൽ ആറാടിക്കാറുണ്ട്. മികവു കാട്ടാനുള്ള പ്രതിഭ സഞ്ജുവിനുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത് അതുകൊണ്ടാണ്. തന്റെ പ്രതിഭയും കഴിവും സഞ്ജു എങ്ങനെ ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. മത്സരം ജയിപ്പിക്കാനുള്ള കഴിവും അസാധാരണമായ പ്രതിഭയും സഞ്ജുവിൽ കാണുന്നുണ്ട്. ഇന്ത്യൻ ജഴ്സിയണിഞ്ഞു കളിക്കുമ്പോൾ ആ ആത്മവിശ്വാസം സഞ്ജുവിന് പകരാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
തീർച്ചയായും സഞ്ജുവിന് ലോകകപ്പ് പദ്ധതികളിൽ വ്യക്തമായ ഇടമുണ്ട്. അതുകൊണ്ടാണല്ലോ ഈ പരമ്പരയ്ക്കായി ടീമിൽ ഉൾപ്പെടുത്തിയത്. സഞ്ജുവിന്റെ ബാക്ഫുട്ട് ഷോട്ടുകൾ അതിമനോഹരങ്ങളാണ്. അദ്ദേഹത്തിന്റെ ചില ഷോട്ടുകൾ നമ്മൾ ഐപിഎല്ലിൽ കണ്ടിട്ടുണ്ട്. പിക്–അപ് പുൾ, കട്ട് ഷോട്ടുകൾ, ബൗളറുടെ തലയ്ക്കു മുകളിലൂടെ കളിക്കുന്ന ഷോട്ടുകൾ... ഇതെല്ലാം കളിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഷോട്ടുകളാണ്. ആസ്ട്രേലിയയിൽ പോകുമ്പോൾ നമുക്ക് ആവശ്യം ഇത്തരം ഷോട്ടുകൾ കളിക്കുന്നവരെയാണ്. സഞ്ജുവിന് തീർച്ചയായും ആ കഴിവുണ്ട്
– രോഹിത് ശർമ്മ, ഇന്ത്യൻ ക്യാപ്ടൻ