
മോസ്കോ : യുക്രെയിൻ അതിർത്തിയിലേക്ക് കൂടുതൽ റഷ്യൻ ട്രൂപ്പുകളെ വിന്യസിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ, റഷ്യയുടെ താത്പര്യങ്ങളിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിച്ച് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനകൾക്ക് പിന്നാലെയാണ് പുട്ടിന്റെ പ്രതികരണം.
റഷ്യ എല്ലായ്പ്പോഴും തുറന്നതും സത്യസന്ധവുമായ ചർച്ചകൾക്ക് തയാറായിരുന്നുവെന്നും തന്റെ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പുട്ടിൻ പറഞ്ഞു. കിഴക്കൻ യുക്രെയിനിലെ ഡൊണെസ്ക്, ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകളെ സ്വതന്ത്ര രാഷ്ട്രങ്ങളായി റഷ്യ അംഗീകരിച്ചതിന് പിന്നാലെ യു.എസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയ്ക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള തന്ത്രപ്രധാനമായ നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതി നിർത്തിവയ്ക്കുന്നതായി ജർമ്മനി പ്രഖ്യാപിച്ചിരുന്നു.
യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് പ്രകൃതി വാതകം എത്തിക്കുന്നതിനായി നിർമ്മിച്ചതാണ് 760 മൈൽ നീളമുള്ള നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ. 11 ബില്യൺ ഡോളർ ചെലവിൽ അഞ്ച് വർഷം കൊണ്ടാണ് ഈ പൈപ്പ് ലൈൻ പൂർത്തിയാക്കിയത്. ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ച ഈ ഗ്യാസ് പൈപ്പ് ലൈൻ വഴി യുക്രെയിനെയും പോളണ്ടിനെയും ആശ്രയിക്കാതെ റഷ്യയിൽ നിന്ന് പ്രകൃതി വാതകം ജർമ്മനിയിലെത്തും. കഴിഞ്ഞ സെപ്റ്റംബറിൽ പൂർത്തിയായ പൈപ്പ് ലൈനിലൂടെ വാതക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
യുക്രെയിനെ ആക്രമിച്ചാൽ പദ്ധതി മുടങ്ങുമെന്ന് ജർമ്മനി നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യു.എസ് ഇതിനായി ജർമ്മനിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പദ്ധതി മുടങ്ങുന്നത് റഷ്യയ്ക്ക് സാമ്പത്തികമായി കനത്ത തിരിച്ചടിയാകും. കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഉപരോധങ്ങൾ ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ ആഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. അതേ സമയം, കിഴക്കൻ യുക്രെയിനിലെ റഷ്യൻ ഇടപെടലിൽ ഭയപ്പെടുന്നില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. റഷ്യയുടെ നീക്കം യുക്രെയിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും യുക്രെയിന്റെ ഭൂമി ശാസ്ത്രപരമായ അതിരുകൾ മാറില്ലെന്നും സെലെൻസ്കി വ്യക്തമാക്കി. റഷ്യയിലുള്ള തങ്ങളുടെ എല്ലാ പൗരന്മാരും ഉടൻ രാജ്യത്തേക്ക് മടങ്ങണമെന്ന് യുക്രെയിൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിനിടെ, റഷ്യയെ പിന്തുണയ്ക്കുന്ന വിഘടനവാദികൾ ഇന്നലെ നടത്തിയ ഷെല്ലാക്രമണത്തിൽ യുക്രെയിൻ സൈനികൻ കൊല്ലപ്പെട്ടു. ആക്രമണം നടന്ന പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ യുക്രെയിൻ പുറത്തുവിട്ടിട്ടില്ല.
അതേ സമയം, ഡൊണെസ്കിൽ യുക്രെയിനിൽ നിന്നുള്ള പ്രകോപനങ്ങൾ നേരിടാൻ സൈനിക വിന്യാസം കൂട്ടിയതായും ഇതിനായി റഷ്യൻ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും വിമത നേതാവ് ഡെന്നിസ് പുഷ്‌ലിൻ പറഞ്ഞു. ഇവിടെ നിന്ന് 93,000 പേർക്ക് റഷ്യയിൽ അഭയം നൽകിയിട്ടുണ്ട്. എന്നാൽ, ഇവിടേക്ക് റഷ്യൻ സൈനികർ കടന്നോയെന്ന് വ്യക്തമല്ല. കീവിലെ തങ്ങളുടെ എംബസി ജീവനക്കാരെ റഷ്യ ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാൻ പുട്ടിന് റഷ്യൻ പാലർമെന്റ് അനുമതി നൽകിയതിന് പിന്നാലെ യുക്രെയിൻ അതിർത്തിയിലേക്ക് സൈനിക നീക്കം ശക്തമായിട്ടുണ്ട്.
പടിഞ്ഞാറൻ റഷ്യ, ബെലറൂസിൽ യുക്രെയിൻ അതിർത്തിയ്ക്ക് സമീപം എന്നിവിടങ്ങളിൽ പുതിയ ട്രൂപ്പും സൈനിക വാഹനങ്ങളും വിന്യസിക്കപ്പെട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുക്രെയിൻ അതിർത്തിയുടെ 20 കിലോമീറ്റർ മാത്രം അകലെയുള്ള റഷ്യൻ നഗരമായ ബെൽഗൊറോഡിന്റെ പടിഞ്ഞാറ് സൈനിക ആശുപത്രി വരെ സജ്ജമായതായി ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിക്കുന്നു.
യുക്രെയിനിൽ അടിയന്തരാവസ്ഥ
റഷ്യൻ അധിനിവേശ ഭീഷണി ഉയരുന്നതിനിടെ രാജ്യത്ത് ഒരു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ യുക്രെയിൻ ദേശീയ സുരക്ഷാ സമിതി നിർദ്ദേശിച്ചു. വരുന്ന 48 മണിക്കൂറിനുള്ളിൽ ഇത് പാർലമെന്റിൽ അംഗീകരിക്കപ്പെടുമെന്നാണ് വിവരം. രണ്ട് ലക്ഷത്തോളം 18നും 60നും ഇടയിൽ പ്രായമുള്ള റിസേർവ് സൈനികരോട് ഏത് സമയം ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. യുക്രെയിൻ പൗരന്മാർക്ക് സ്വയം പ്രതിരോധത്തിന് തോക്ക് കൈവശം വയ്ക്കാനും അനുമതി നൽകും. അതേ സമയം, റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ തീർക്കുന്നതിനെതിരെ ചൈന രംഗത്തെത്തിയിട്ടുണ്ട്.
ഉപരോധങ്ങൾ സംഘർഷങ്ങൾക്ക് പരിഹാരമാകില്ലെന്ന് പറഞ്ഞ ചൈന യുക്രെയിന് ആയുധങ്ങൾ നൽകുന്നതും പ്രദേശത്ത് ഭീതി പരത്തുന്നതും യു.എസ് ആണെന്ന് കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്നലെ റഷ്യയിലെത്തി. പര്യടനത്തിന്റെ ഭാഗമായി പുട്ടിനുമായി ഇമ്രാൻ മോസ്കോയിൽ വച്ച് ചർച്ച നടത്തും. 23 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യാ സന്ദർശനം നടത്തുന്നത്. രണ്ട് ദിവസമാണ് ഇമ്രാൻ ഖാന്റെ റഷ്യൻ പര്യടനം.
' ആര് അധികാരം നൽകി ? " : പുട്ടിന് എതിരെ ബൈഡൻ, കൂടുതൽ ഉപരോധങ്ങൾ
വാഷിംഗ്ടൺ : കിഴക്കൻ യുക്രെയിനിലെ വിമത മേഖലകളായ ഡൊണെസ്കിനെയും ലുഹാൻസ്കിനെയും സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് തുടക്കം കുറിച്ചതായി പ്രതികരിച്ച ബൈഡൻ റഷ്യൻ വലിയ സാമ്പത്തിക സ്ഥാപനങ്ങളായ വി.ഇ.ബി, ഇവരുടെ ഉടമസ്ഥതയിലുള്ള മിലിട്ടറി ബാങ്ക് എന്നിവയുടെ പ്രവർത്തനാനുമതി റദ്ദാക്കി.
' അയൽ രാജ്യത്തിന്റെ കൈവശമുള്ള മേഖലകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പുട്ടിന് ആരാണ് അധികാരം നൽകിയത്. ? റഷ്യൻ ഉന്നതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്താനും യു.എസ് തീരുമാനിച്ചു. ക്രെംലിന്റെ നയത്തിൽ നിന്ന് അനധികൃത നേട്ടമുണ്ടാക്കിയ അവർ, അതിന്റെയൊക്കെ പ്രതികൂല വശങ്ങൾ കൂടി അനുഭവിക്കട്ടെ. " വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ ബൈഡൻ രോഷത്തോടെ പറഞ്ഞു. ഡൊണെസ്ക്, ലുഹാൻസ്ക് മേഖലകളിൽ യു.എസ് പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ബൈഡൻ ഉപരോധമേർപ്പെടുത്തിയിരുന്നു.
യുക്രെയിനിൽ സൈബർ ആക്രമണം
കീവ് : യുക്രെയിന് നേരെ വീണ്ടും സൈബർ ആക്രമണം. യുക്രെയിനിലെ സർക്കാർ സ്ഥാപനങ്ങളും പാർലമെന്റ്, വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റും പ്രവർത്തനരഹിതമായവയിൽ ഉൾപ്പെടുന്നതായാണ് വിവരം. ഏതാനും ബാങ്കുകളുടെ വെബ്സൈറ്റുകൾക്ക് നേരെയും സൈബർ ആക്രമണം നടന്നിട്ടുണ്ട്. പ്രാദേശിക സമയം, വൈകിട്ട് 4 മണിയോടെയാണ് വെബ്സൈറ്റുകൾ പ്രവർത്തനരഹിതമാകാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ട്.