polo

ന്യൂഡൽഹി: ഫോക്സ്‌വാഗൺ പോളോ ഇന്ത്യയിൽ നിർ‌മാണം നിർത്തുന്നു. ഇതിനോടകം രാജ്യത്ത് രണ്ടര ലക്ഷത്തോളം വാഹനങ്ങൾ വിറ്റുപോയ പോളോ, ഫോക്സ്വാഗണിന്റെ ഏറ്റവും ജനപ്രീതിയുള്ള മോഡലാണ്. എന്നിട്ടും എന്തു കൊണ്ട് മോഡലിന്റെ നിർമാണം നിർത്തലാക്കുന്നെന്ന ചോദ്യത്തിന് വാഹനത്തിന്രെ ഡിസൈനും സാങ്കേതിക വിദ്യയുമെല്ലാം പഴയതായി എന്നതാണ് ഉത്തരം. ഇന്ത്യൻ വിപണിയിലും പോളോയ്ക്ക് പഴയത് പോലുള്ള ഒരു തരംഗം ഉണ്ടാക്കാൻ സാധിക്കുന്നില്ല.

നിലവിൽ ഫോക്സ്‌വാഗണിന്റെ പഴയ പ്ളാറ്റ്ഫോമായ പി ക്യു പ്ളാറ്റ്ഫോമിൽ നിർമ്മിക്കുന്ന രണ്ട് മോഡലുകളാണ് വെന്റോയും പോളോയും.ഇതിൽ വെന്റോയുടെ ഉത്പാദനം നിർത്താൻ കമ്പനി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആ നിലയ്ക്ക് വെറും ഒരു മോഡലിന് വേണ്ടി മാത്രം പഴയ പ്ളാറ്റ്ഫോം വീണ്ടും നിലനിർത്തി പോകുന്നത് നഷ്ടമായിരിക്കുമെന്ന വിലയിരുത്തലിൽ ആണ് ഫോക്സ്‌വാഗൺ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്.മാത്രമല്ല പ്രതിമാസം വെറും 1000 പോളോ കാറുകൾ മാത്രമാണ് രാജ്യമൊട്ടാകെ വിറ്റഴിയുന്നത്.

ലോകമൊട്ടാകെ പോളോയു‌ടെ ആറാം തലമുറ കാറുകളെ ഫോക്സ്‌വാഗൺ രംഗത്തിറക്കിയിരുന്നെങ്കിലും ഇന്ത്യയിൽ ഇപ്പോഴും പ്രചാരത്തിലുള്ളത് അഞ്ചാം തലമുറ പോളോ കാറുകളാണ്. 2018ൽ ഇറക്കിയ പോളോയുടെ ആറാം തലമുറ വാഹനങ്ങളോട് എന്തുകൊണ്ടോ ഇന്ത്യയിലെ ഉപഭോക്താക്കൾ അധികം താത്പര്യം കാണിച്ചിട്ടില്ല. പോളോയും വെന്റോയും നിർത്തലാക്കുന്നതോടെ അധികം വരുന്ന പ്രൊഡക്ഷൻ കപ്പാസിറ്റി തൈഗൂണിനും ഫോക്സ്‌വാഗൺ പുതുതായി അവതരിപ്പിക്കുന്ന സെഡാൻ കാറായ വെർച്ചസിനും വേണ്ടി വിനിയോഗിക്കാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.