ബംഗളൂരു: ഹിജാബ് വിഷയത്തിലെ ഇടക്കാല ഉത്തരവിൽ വ്യക്തത വരുത്തി കർണാടക ഹൈക്കോടതി. മതപരമായ വസ്ത്രധാരണം വിലക്കികൊണ്ടുള്ള ഉത്തരവ് യൂണിഫോം നിർബന്ധമാക്കിയ ഡിഗ്രി കോളേജുകൾക്കും പ്രീ യൂണിവേഴ്സിറ്റികൾക്കും ഒരേ പോലെ ബാധകമാണെന്ന് കോടതി അറിയിച്ചു. ഉത്തരവ് അദ്ധ്യാപകർക്ക് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യൂണിഫോം നിർബന്ധമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹിജാബ് വിലക്കുന്നുവെന്നും അദ്ധ്യാപകരെ ഹിജാബ് ധരിക്കാൻ അനുവദിക്കുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതിയുടെ വിശദീകരണം. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഇന്നും തുടരും.
അതിനിടെ, ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജിക്കെതിരെ വിവാദ പരാമർശം നടത്തിയ കന്നഡ സിനിമാ താരവും മനുഷ്യാവകാശ പ്രവർത്തകനുമായ ചേതൻ കുമാർ അഹിംസ അറസ്റ്റിൽ. ബലാത്സംഗക്കേസിൽ പരാതിക്കാരിക്കെതിരെ മോശം പരാമർശം നടത്തിയ ജഡ്ജിയാണ് ഹിജാബ് സ്കൂളിൽ അനുവദിക്കണോ വേണ്ടയോ എന്ന കേസ് പരിഗണിക്കുന്നത്. അദ്ദേഹത്തിന് ഇതിനാവശ്യമായ വ്യക്തതയുണ്ടെന്ന് കരുതുന്നുണ്ടോ’ എന്നായിരുന്നു ചേതന്റെ പരാമർശം. തുടർന്ന് കർണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.