
ന്യൂഡൽഹി: അടുത്ത10 മുതൽ 20 വർഷത്തിനുള്ളിൽ 20 മുതൽ 30 കമ്പനികളെങ്കിലും റിലയൻസിനെ പോലെ വൻകിട സ്ഥാപനങ്ങളാവുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 38 വർഷമെടുത്താണ് റിലയൻസ് 200 ബില്യൺ ഡോളർ കമ്പനിയായി മാറിയത്. എന്നാൽ, അടുത്തതലമുറ ഇന്ത്യൻ കമ്പനികൾ ഇതിന്റെ പകുതി സമയം കൊണ്ട് ഈ നേട്ടം കൈവരിക്കുമെന്നും അംബാനി പറഞ്ഞു.
റിലയൻസ് 15 വർഷം കൊണ്ടാണ് ഒരു ബില്യൺ ഡോളർ കമ്പനിയായത്. 30 വർഷം കൊണ്ട് 10 ബില്യൺ ഡോളർ കമ്പനിയായി മാറി. 35 വർഷം കൊണ്ട് 100 ബില്യൺ ഡോളർ കമ്പനിയായും 38 വർഷം കൊണ്ട് 200 ബില്യൺ ഡോളർ കമ്പനിയായും വളർന്നു. എനിക്കുറപ്പുണ്ട് അടുത്ത തലമുറ വ്യവസായികൾ പകുതിസമയം കൊണ്ട് ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ സംരംഭകരുടെ സമൂഹം വിശാലമാവുകയാണ്. സമ്പത്ത് സൃഷ്ടിക്കലും അനുദിനം വർദ്ധിക്കുകയാണ്. ഇത് ഇന്ത്യയെ കൂടുതൽ സമത്വപൂർണമായ രാഷ്ട്രമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ എനർജിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.