alammen

തിരുവനന്തപുരം: മൊത്തവില്പന നടത്തിവന്ന ഗോഡൗണിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമിന്റെയും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻഫോഴ്സിന്റെയും പൂന്തുറ പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ബീമാപള്ളിക്ക് സമീപത്തെ വീട്ടിലെ ഗോഡൗൺ നടത്തിപ്പുകാരനായ ബീമാപള്ളി മാമൂട്ടു വിളാകം അൽ അമീനെ (25) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു.ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ മേൽനോട്ടത്തിൽ സിറ്റി പൊലീസ് നടത്തിവരുന്ന നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള അന്വേഷണത്തിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.പൂന്തുറ എസ്.എച്ച്.ഒ. സജികുമാറിന്റെ നേതൃത്വത്തിൽ പൂന്തുറ പൊലീസും സ്‌പെഷ്യൽ ടീമുകളും സംയുക്തമായി നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നെത്തിച്ച എട്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ്‌ പിടിച്ചെടുത്തത്.