murder

പാട്ന: ബീഹാറിൽ ഗോമാംസം കഴിച്ചുവെന്നാരോപിച്ച് സമസ്തിപൂരിലെ ജെ.ഡി.യു പ്രാദേശിക നേതാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം പെട്രോൾ ഉപയോഗിച്ച് കത്തിച്ചു. മുഹമ്മദ് ഖലീൽ ആലം (34) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഖലീലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം നദിക്കരയിൽ നിന്നു പൊലീസ് കണ്ടെടുത്തു. ഗോരക്ഷക സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

ഖലീലിനെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി 4 ദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പരാതി നൽകിയ ശേഷം ഖലീലിന്റെ ഫോണിൽ നിന്നു ചിലർ വീട്ടുകാരെ വിളിച്ചു ഖലീലിനെ മോചിപ്പിക്കുന്നതിനായി പണം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഗോമാംസം കഴിച്ചിട്ടുണ്ടോയെന്നു ചോദിച്ചു ഖലീലിനെ ആൾക്കൂട്ടം വളഞ്ഞിട്ടു മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അക്രമി സംഘത്തോട് കൈകൂപ്പി ഖലീൽ ജീവനായി യാചിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.