governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ ബെൻസ് കാർ വാങ്ങണമെന്ന നിർദ്ദേശം അംഗീകരിച്ച് സർക്കാർ. 85.18 ലക്ഷം രൂപ വിലവരുന്ന ബെൻസ് ജിഎൽ‌ഇ വാങ്ങാനാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഗവർണർക്ക് പുതിയ കാർ വാങ്ങണമെന്ന് സർക്കാർ നേരത്തെ തീരുമാനമെടുത്തിരുന്നു.

രണ്ട് വർഷം മുൻപാണ് 10 വർഷത്തോളം പഴക്കമുള‌ളതും ഒന്നരലക്ഷം കിലോമീ‌റ്റർ ഓടിയതുമായ കാർ മാ‌റ്റണമെന്ന് ഗവർണർ നിർദ്ദേശിച്ചത്. ഈ വിഷയത്തിൽ വലിയ ചർച്ച നടക്കുകയും ചെയ്‌തു. നിലവിൽ 12 വർഷം പഴക്കമുള‌ള ബെൻസ് കാറാണ് ഗവർണർ ഉപയോഗിക്കുന്നത്. വിഐപി പ്രോട്ടോകോൾ അനുസരിച്ച് ഒരുലക്ഷത്തിലധികം കിലോമീ‌റ്റർ ഓടിക്കഴിഞ്ഞാൽ വാഹനം മാ‌റ്റണം.

തന്റെ വാഹനം മാ‌റ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോൾ ഉപയോഗിക്കുന്നത് ഭാര്യയുടെ വാഹനമാണെന്നും പുതിയ വാഹനത്തിന്റെ കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ഗവർണർ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉത്തരവിറങ്ങിയിരിക്കുന്നത്.