
ക്രിപ്‌റ്റോ കറൻസിയുടെ പേരിലുളള തട്ടിപ്പുകൾ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ വർദ്ധിക്കുകയാണ്. സ്വന്തം ജീവിത സമ്പാദ്യത്തിലെ ലക്ഷങ്ങളും ചിലർക്ക് കോടികളുമാണ് നഷ്‌ടമായിരിക്കുന്നത്. അഹമ്മദാബാദിൽ ഒരു വ്യാപാരിക്ക് ഈയിടെ നഷ്‌ടമായത് 1.25 ലക്ഷം രൂപയാണ്. ഇപ്പോഴിതാ അമേരിക്കയിൽ ഒരു യുവതിയ്‌ക്ക് ലക്ഷക്കണക്കിന് ഡോളറാണ് ക്രിപ്‌റ്റോ കറൻസി തട്ടിപ്പിൽ നഷ്‌ടമായത്.
അമേരിക്കയിലെ ടെനസീ സംസ്ഥാനത്തെ ഒരു സോഷ്യൽ മീഡിയ പ്രൊഡ്യൂസറായ നികി ഹച്ചിൻസണിന്(24) നഷ്‌ടമായത് ഏകദേശം മൂന്ന് ലക്ഷം ഡോളറാണ് ( ഉദ്ദേശം 2.23 കോടിരൂപ). ഹിഞ്ച് എന്ന ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച പെൺകുട്ടി ഹാവോ എന്നൊരു യുവാവിനെ പരിചയപ്പെട്ടു. ഒരു മാസത്തിനകം ഇവർ പരസ്‌പരം അടുത്തു. ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കാൻ ഹാവോ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. കുടുംബവീട് വിറ്റ മൂന്ന് ലക്ഷം ഡോളർ കൈവശമുണ്ടെന്ന് അറിഞ്ഞ ഹാവോ തുടർച്ചയായി നിർബന്ധിച്ചപ്പോൾ നികി നിക്ഷേപിക്കാൻ തയ്യാറായി. അധികവരുമാനം ഉണ്ടാക്കാനെന്ന പേരിലാണ് ഇയാൾ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്.
ക്രിപ്‌റ്റോ എക്‌സ്ചേഞ്ചുമായി ബന്ധപ്പെട്ട അക്കൗണ്ടിലേക്ക് എന്ന വ്യാജേന പണം അയക്കാൻ നികിയോട് പറഞ്ഞു. വൈകാതെ സമ്പാദ്യം മുഴുവൻ നികി നിക്ഷേപിച്ചു. പിന്നീട് സ്വന്തം അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ കാര്യം തിരക്കിയപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം നികി മനസിലാക്കിയത്.