
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് ഇതുവരെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുമായി നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ച് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് നടന്നത്. അവയിൽ മൂന്ന് എണ്ണത്തിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകരാണ് പ്രതികൾ, രണ്ടെണ്ണത്തിൽ എസ്ഡിപിഐ പ്രവർത്തകരും ഒരെണ്ണത്തിൽ കോൺഗ്രസുകാരുമാണ് പ്രതികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായപ്പോൾ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലയളവിൽ 1516 കൊലപാതകങ്ങൾ മാത്രമാണുണ്ടായതെന്നും 2016 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ സ്ത്രീകൾക്കെതിരെ 86390 അതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.