fuel

ന്യൂഡൽഹി: റഷ്യയും യുക്രെയിനും തമ്മിലെ ഉരസൽ യുദ്ധത്തിന് സമാനമായ സ്ഥിതിയിലേക്ക് പോകുകയാണ്. ആഗോള എണ്ണ ഉത്‌പാദിപ്പിക്കുന്ന രാജ്യങ്ങളിൽ 12 ശതമാനമുള‌ള റഷ്യയിലെ യുദ്ധത്തിലേക്ക് നയിച്ചേക്കാവുന്ന പ്രതിസന്ധി ലോകമാകെ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുന്നുണ്ട്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് നിലവിൽ 100 ഡോളറിനടുത്താണ് വില.

ഇന്ത്യ പ്രതിവർഷം 85 ശതമാനം ഇന്ധനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. റഷ്യയിൽ നിന്നും നേരിട്ട് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കുറവാണെങ്കിലും ആഗോളവിപണിയിലെ തീവില ഇന്ത്യയിലെ ഇന്ധനകമ്പനികളെയും സമ്മർദ്ദത്തിലാക്കുമെന്ന് ഉറപ്പ്. നിലവിൽ യു.പി, പഞ്ചാബ് ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് എണ്ണവില മാറ്റം വരുത്തിയിട്ടില്ല. മാർച്ച് ഏഴിന് അവസാന ഘട്ട പോളിംഗ് കഴിഞ്ഞാൽ എണ്ണവില കുതിച്ചുയരുമെന്ന് തന്നെയാണ് സൂചന. ഗവേഷണ സ്ഥാപനമായ പ്രഭുദാസ് ലില്ലാദാർ പറയുന്നതനുസരിച്ച് ആറ് അല്ലെങ്കിൽ ഏഴ് രൂപയുടെ വർദ്ധനയാകും ഇലക്ഷന് ശേഷം എണ്ണകമ്പനികൾ എണ്ണവിലയിൽ ഉണ്ടാക്കുക. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ക്രൂഡ് ഓയിൽ വിലയിൽ ഏറ്റവും വർദ്ധന ഇപ്പോഴാണ്.

2004ന് ശേഷം ആദ്യമായി ഒപെക് രാജ്യങ്ങളിൽ ഏറ്റവും എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങൾ എണ്ണയുത്പാദനം നിയന്ത്രിച്ചിരിക്കുകയാണ്. പ്രതിദിനം നാല് ലക്ഷം ബാരലാണ് ഒപെക് രാജ്യങ്ങൾ അധികമായി ഉൽപാദിപ്പിക്കുന്നത്. ഇതിലേറെയാണ് ലോകരാജ്യങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ ലോകരാജ്യങ്ങളുടെ ആവശ്യം ഒപെക് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഇത് ലോകമാകെ വിലവർദ്ധന തുടരാൻ കാരണമാണ്. റിസർവ് ബാങ്കിന്റെ ബുള‌ളറ്റിനിൽ ക്രൂഡ് ഓയിൽ വിലവർദ്ധനയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നവംബറിൽ പെട്രോൾ, ഡിസൽ വിലയിലെ നികുതിയിളവ് രാജ്യത്ത് വലിയ വിലവർദ്ധനയെ ഒരുപരിധി വരെ പിടിച്ചുനിർത്തുമെന്ന് കരുതുന്നു.