ogbeche

ബാംബൊലിം: പൊരുതിക്കളിച്ച കേരള ബ്‌ളാസ്‌റ്റേഴ്‌സ് കരുത്തരായ ഹൈദരാബാദ് എഫ്‌സിക്ക് മുന്നില്‍ വീണു. ഐഎസ്എലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദ് എഫ് സി ബ്‌ളാസ്‌റ്റേഴ്‌സിനെ കീഴടക്കി. ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെയും പ്രതിരോധത്തിന്റെയും മികവിലാണ് ഹൈദരാബാദ് ബ്‌ളാസ്‌റ്റേഴ്‌സിനെ മറികടന്നത്. ആദ്യപകുതിയില്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയും രണ്ടാംപകുതിയില്‍ ജാവിയര്‍ സിവേറിയോയും ഹൈദരാബാദിനായി ഗോളടിച്ചു. പകരക്കാരനായെത്തിയ വിന്‍സി ബരെറ്റോ രണ്ടാം പകുതിയുടെ അധികസമയത്ത് ബ്‌ളാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി.

ഇന്നത്തെ തോൽവിയോടെ 17 മത്സരങ്ങളിൽ നിന്ന് 27 പൊയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്‌ളാസ്‌റ്റേഴ്‌സ്. 35 പൊയിന്റുള്ള ഹൈദരാബാദ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഈ വിജയത്തോടെ ഹൈദരാബാദ് ഐ എസ് എൽ സെമിഫൈനൽ പ്രവേശനം ഉറപ്പാക്കി. ഈ സീസണിൽ സെമിയിൽ കടക്കുന്ന ആദ്യ ടീമാണ് ഹൈദരാബാദ്. 26ന് ചെന്നൈയിന്‍ എഫ്‌സിയുമായാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. മത്സരത്തിന്റെ തുടക്കത്തിൽ ഹൈദരാബാദായിരുന്നു മത്സരം നിയന്ത്രിച്ചിരുന്നത്. എന്നാൽ ബ്‌ളാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നതിനാൽ മാത്രമാണ് കാര്യമായ ഗോളുകളൊന്നും പിറക്കാത്തത്.

28ാം മിനിട്ടിൽ ഹൈദരാബാദ് മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ഒഗ്ബെച്ചെ ഹൈദരാബാദിന് വേണ്ടി ലീഡ് നേടി. ഇടതുവശത്ത് നിന്നു രോഹിത് ധാനുവിന്റെ ഹെഡറിന്റെ നിയന്ത്രണം ഏറ്റെടുത്ത ഒഗ്‌ബെച്ചെ, ബിജോയിയെയും ലെസ്‌കോവിച്ചിനെയും മറികടന്ന് പന്ത് വലയിൽ എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ ബ്‌ളാസ്റ്റേഴ്സ് രണ്ടാംഗോൾ വഴങ്ങി. ജാവിയെര്‍ സിവേറിയോയാണ് ഹെഡറിലൂടെ ഹൈദരാബാദിന്റെ ലീഡ് ഉയർത്തിയത്. ഇൻജുറി ടൈമിന്രെ അവസാന മിനിട്ടുകളിൽ ബ്‌ളാസ്റ്റേഴ്സിന് വേണ്ടി വിൻസി ബാരറ്റോ ആശ്വാസ ഗോൾ നേടി.