
തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടുപേർ സ്കൂട്ടർ യാത്രക്കാരിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു. കുറവൻകോണം കുന്നിൽ ഹൈപ്പർ മാർക്കറ്റിന് സമീപം ഇന്നലെ രാവിലെ 8.25 ഓടെയായിരുന്നു സംഭവം. റോഡരികിലെ വീടിന് സമീപം സ്കൂട്ടർ നിർത്തിയ യുവതിയെ പിന്തുടർന്ന് വന്നവരാണ് മാലപൊട്ടിക്കാൻ ശ്രമം നടത്തിയത്. യുവതി സ്കൂട്ടർ സൈഡിൽ നിറുത്തിയതോടെ ബൈക്കിലെത്തിയവർ മുന്നോട്ട് പോയശേഷം തിരികെ വന്ന് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിയിൽ യുവതി നിലത്തുവീണതിനാൽ മാല പൊട്ടിക്കാൻ കഴിഞ്ഞില്ല. പൾസർ ബൈക്കിലെത്തിയ ഹെൽമറ്റ് ധരിച്ചിരുന്നവരാണ് ഇതിനുപിന്നിൽ. വഴിയാത്രക്കാരും പരിസരവാസികളും ഓടിക്കൂടിയതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മാലപൊട്ടിക്കൽ ശ്രമത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.പ്രതികളെ തിരിച്ചറിഞ്ഞതായാണ് വിവരം. ഉടൻ പിടിയിലാകുമെന്ന് സൂചനയുണ്ട്. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് സ്ഥിരീകരിക്കാൻ മ്യൂസിയം പൊലീസ് തയ്യാറായില്ല.