
തൊടുപുഴ: പൊലീസ് ശേഖരിച്ച രാഷ്ട്രീയ നേതാക്കളുടെ വ്യക്തി വിവരങ്ങൾ എസ്.ഡി.പി.ഐയ്ക്ക് ചോർത്തി നൽകിയ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായിരുന്ന പി.കെ. അനസിനെയാണ് ജോലിയിൽ നിന്ന് പുറത്താക്കി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി ഉത്തരവിട്ടത്.
വർഗീയത വളർത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഡിസംബർ മൂന്നിന്
തൊടുപുഴയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐക്കാർ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവർത്തകന് പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസിൽ നിന്നുള്ള വ്യക്തിവിവരങ്ങൾ വാട്ട്സാപ്പിൽ അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദൻ കണ്ടെത്തി. തുടർന്ന് ഡിസംബർ 22ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 28ന് സസ്പെൻഡ് ചെയ്തു.
നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാൽ നടത്തിയ വിശദമായ അന്വേഷണത്തിൽ അനസ് സ്ഥിരമായി മറ്റ് പാർട്ടികളിലുള്ളവരുടെ വ്യക്തിവിവരങ്ങൾ ചോർത്തി നൽകിയിരുന്നതായി കണ്ടെത്തി.
രാഷ്ട്രീയവിഷയങ്ങളിൽ ഇടപെടരുതെന്നിരിക്കെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ-മെയിൽ അയച്ചതായും കണ്ടെത്തി. തുടർന്ന് ഇയാളെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിവൈ.എസ്.പി എ.ജി. ലാൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ജനുവരി 28ന് ജില്ലാ പൊലീസ് മേധാവി പിരിച്ചുവിടാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ പിരിച്ചുവിടാൻ ഉത്തരവിടുകയായിരുന്നു.