
ലണ്ടൻ: ബ്രിട്ടീഷ് ടെന്നിസ് താരവും യു എസ് ഓപ്പൺ വനിതാ വിഭാഗം സിംഗിൾസ് ജേതാവുമായ എമ്മ റീഡുക്കാനുവിനെ പിറകേ നടന്ന് ശല്ല്യം ചെയ്ത 35കാരനെതിരെ നിരോധന ഉത്തരവുമായി ബ്രോംലി മജിസ്ട്രേറ്റ് കോടതി. എമ്മയുടെ വീടിരിക്കുന്ന നിരത്തിന് ഒരു മൈൽ ചുറ്റളവിലോ താരം പങ്കെടുക്കുന്ന ടെന്നിസ് ടൂർണമെന്റുകളുടെ വേദിയുടെ പരിസരങ്ങളിലോ ചെല്ലാൻ പാടില്ലെന്നാണ് ഉത്തരവ്. 35 കാരനായ അമ്രിത് മഗാറിനെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
18കാരിയായ എമ്മ നൽകിയ പരാതി അനുസരിച്ച് കഴിഞ്ഞ നവംബർ മുതൽ ഡിസംബർ വരെയുള്ള സമയത്ത് കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇയാൾ തന്റെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും ഒരിക്കൽ വീടിന് തൊട്ടടുത്തുള്ള മരത്തിൽ മുഴുവൻ ക്രിസ്മസ് അലങ്കാരങ്ങൾ തൂക്കിയെന്നും എമ്മ പറയുന്നു. മറ്റൊരിക്കൽ തന്റെ വീട്ടിൽ 37 കിലോമീറ്റർ കാൽനടയായി എത്തിയ ഇയാൾ താൻ സഞ്ചരിച്ച വഴിയുടെ ഒരു രേഖാചിത്രം അടങ്ങിയ കുറിപ്പും വാതിൽപ്പടിയിൽ വച്ചിരുന്നതായി പറയുന്നു. ആ കുറിപ്പ് അനുസരിച്ച് എമ്മയ്ക്ക് കുറച്ച് സ്നേഹം നൽകാൻ മാത്രമേ താൻ ഉദ്ദേശിക്കുന്നുള്ളൂവെന്ന് എഴുതിയിരുന്നതായും എമ്മയുടെ പരാതിയിൽ പറയുന്നു.
മറ്റൊരിക്കൽ എമ്മയുടെ ഷൂസാണെന്ന് കരുതി പിതാവിന്റെ ഷൂസുമായി ഇയാൾ കടന്നുകളഞ്ഞതായും സംഭവം സിസിടിവിയിൽ കണ്ട താരത്തിന്റെ പിതാവ് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് പിടിച്ചപ്പോൾ എമ്മയുടെ ഓർമ്മയ്ക്കു വേണ്ടിയാണ് താൻ ആ ഷൂസുകൾ എടുത്തതെന്നായിരുന്നു അമ്രിതിന്റെ മൊഴി.
മുൻ ആമസോൺ ഡ്രൈവറായിരുന്ന ഇദ്ദേഹം വിവാഹിതനാണ്. ഇയൾക്കെതിരെ അഞ്ചു വർഷത്തേക്ക് നിരോധന ഉത്തരവ് പുറപ്പെടുവിച്ച കോടതി, 200 മണിക്കൂർ പ്രതിഫലമില്ലാതെ ജോലി ചെയ്യണമെന്ന വ്യവസ്ഥയിൽ 18 മാസത്തെ കമ്മ്യൂണിറ്റി സർവീസും എട്ട് ആഴ്ചത്തേക്ക് രാത്രി ഒൻപത് മണി മുതൽ വെളുപ്പിന് 6 മണി വരെ വീടിന് പുറത്ത് ഇറങ്ങരുതെന്ന് കർഫ്യൂവും ശിക്ഷയായി നൽകിയിട്ടുണ്ട്.