
പുനലൂർ: ധനലക്ഷ്മി ബാങ്ക് പുനലൂർ ബ്രാഞ്ചിന്റെ ചൗക്ക റോഡിൽ സ്ഥിതി ചെയ്യുന്ന എ.ടി.എം പൊളിച്ച് പണം കവരാൻ ശ്രമിച്ച പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തകഴി പടഹാരം ശ്യാംഭവനിൽ നിന്ന് എറണാകുളത്ത് വാടകക്ക് താമസിക്കുന്ന അപ്പുവിനെ(20)യാണ് തിരുവനന്തപുരത്ത് നിന്ന് പുനലൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. 5ന് പുലർച്ചെ 3.30ഓടെയായിരുന്നു എ.ടി.എമ്മിൽ കവർച്ചാ ശ്രമം നടന്നത്. തുടർന്ന് ഡോഗ്സ്ക്വാഡും, ഫിംഗർപ്രിന്റ് വിദഗ്ദ്ധരും പരിശോധ നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു . ഇതിന് ഒരാഴ്ച മുമ്പ് എറ്റുമാന്നൂരിലും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും സമാനമായ എ.ടി.എം കവർച്ച ശ്രമം നടത്തിയിരുന്നു. ഇതിന്റെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കവർച്ചശ്രമങ്ങൾ എല്ലാം നടത്തിയത് ഒരാളാണെന്ന് മനസിലാക്കാൻ കഴിഞ്ഞെന്ന് ഡിവൈ.എസ്.പി പറഞ്ഞു. തുടർന്നാണ് അപ്പുവിനെ കേന്ദ്രീകരിച്ച് ഡിവൈ.എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് അന്വേഷണം ആരംഭിച്ചത്. സംഭവ ദിവസം പുലർച്ചെ 3.10ന് പാലരുവി- തിരുനെൽവേലി എക്സ് പ്രസ് ട്രെയിനിൽ പ്രതി പുനലൂർ റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ചൗക്ക റോഡ് വഴി നടന്ന് ബാങ്കിന്റെ എ.ടി.എമ്മിൽ കയറി ബാഗിൽ സൂക്ഷിച്ചിരുന്നു ആയുധങ്ങൾ ഉപയോഗിച്ച് കൗണ്ടർ പൊളിച്ച്പണം കവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കുന്നിക്കോട് ഭാഗത്തേക്ക് നടന്ന് പോകുന്നതിനിടെ യുവാവ് ഒരു ബൈക്ക് മോഷ്ടിക്കാനും ശ്രമിച്ചു.പിന്നീട് കൊട്ടാരക്കര ഡിപ്പോയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറി എറണാകുളത്തെ വാടക വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും ഡി.വൈ.എസ്.പി അറിയിച്ചു. പിന്നീട് തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സി.ഐ. ബിനു വർഗീസ്, എസ്.ഐമാരായ ഹരീഷ്,രാജശേഖരൻ,ഷിബു,കൃഷ്ണകുമാർ, സി.പി.ഒമാരായ രാജ്ബീർ, അജാസ്,രജിത് ലാൽ,രഞിജ്ത്ത് തുടങ്ങിയ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ഡിവൈ.എസ്.പിക്കൊപ്പം ഉണ്ടായിരുന്നു.