
ബെംഗളൂരു: കർണാടകയിലെ ജനപ്രതിനിധികളുടെ ശമ്പള വർദ്ധനവിനുള്ള ബില്ലുകൾ പാസായി. ഏകദേശം 40ശതമാനത്തോളം വർദ്ധനവാണ് പുതിയ ബില്ലുകളിൽ വരുത്തിയിരിക്കുന്നത്. മന്ത്രിമാരുടെ ശമ്പള വർദ്ധനവിനും എം എൽ എ മാരുടെ ശമ്പള വർദ്ധനവിനുമായി രണ്ട് വ്യത്യസ്ഥ ബില്ലുകളാണ് ഇന്ന് ചേർന്ന കർണാടകയുടെ നിയമസഭാ സമ്മേളനത്തിൽ പാസായത്. 15,134 കോടി രൂപയുടെ കമ്മി ബഡ്ജറ്റ് നിലനിൽക്കുന്ന സംസ്ഥാനത്താണ് ഈ അധികച്ചെലവ് ജനപ്രതിനിധികൾ വരുത്തിവയ്ക്കുന്നത്.
പുതിയ ബിൽ അനുസരിച്ച് ഏകദേശം 92.4 കോടി രൂപയുടെ അധിക ബാദ്ധ്യതയാണ് വർഷം തോറും സംസ്ഥാനത്തിന് വരിക. നിലവിൽ 25,000 രൂപ ശമ്പളമായി ലഭിക്കുന്ന എം എൽ എയ്ക്ക് ബിൽ നിലവിൽ വരുന്നതോടെ ശമ്പളം 40,000 രൂപയായി ഉയരും. പ്രതിപക്ഷപാർട്ടിയായ കോൺഗ്രസ് വിവിധ വിഷയങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി കടുത്ത പ്രതിഷേധങ്ങളിലായിരുന്നെങ്കിലും ബിൽ പാസാക്കുന്ന കാര്യത്തിൽ അവർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ബി ജെ പി നേതൃത്വം നൽകുന്ന കർണാടക സർക്കാർ ഒരു ചർച്ച പോലും കൂടാതെയാണ് സംസ്ഥാനത്തിന് കോടികളുടെ അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന ബിൽ പാസാക്കിയത്.
ബിൽ അനുസരിച്ച് മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 50,000 രൂപയിൽ നിന്ന് 75,000 രൂപയായും മന്ത്രിമാരുടേത് 40,000 രൂപയിൽ നിന്ന് 60,000 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇതിനു പുറമേ ഇവർക്കുള്ള വിവിധ അലവൻസുകൾ പ്രതിവർഷം മൂന്ന് ലക്ഷം രൂപയിൽ നിന്ന് നാലര ലക്ഷം ആക്കി ഉയർത്തി. നിയമസഭ സ്പീക്കറിന് മുഖ്യമന്ത്രിയ്ക്ക് തുല്ല്യമായ ശമ്പളമാണ് നൽകുന്നത്. അതും 75,000 രൂപയായി ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പ്രതിമാസ ശമ്പളം 40,000 രൂപയിൽ നിന്ന് 60,000 ആയി ഉയർന്നു. എം എൽ എ മാരുടെ ശമ്പളം 25000 രൂപയിൽ നിന്ന് 40,000 രൂപയായും മന്ത്രിമാർക്കുള്ള എച്ച് ആർ എ 80,000 രൂപയിൽ നിന്നും പ്രതിമാസം 1.20 ലക്ഷം ആയും ഉയർത്തി. മറ്റ് അലവൻസുകൾ 30,000 രൂപയായും പെട്രോൾ അലവൻസ് പ്രതിമാസം 1000 ലിറ്റർ എന്നുള്ളത് 2000 ലിറ്റർ ആയും ഉയർത്തി.