
കൊല്ലം: കണ്ണനല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് തടഞ്ഞ് നിറുത്തി ഡ്രൈവറെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. കിളികൊല്ലൂർ ചാമ്പക്കുളം നക്ഷത്രനഗർ രാജേഷ് ഭവനത്തിൽ രാജേഷ് (34) ആണ് പിടിയിലായത്. പത്തിന് വൈകിട്ട് ഇവർ യാത്ര ചെയ്ത ആട്ടോ റിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് കൊച്ചു ഡീസന്റ് മുക്കിൽ ബസ് തടഞ്ഞുനിറുത്തി ഡ്രൈവർ മിഥുനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. തലയ്ക്കും കൈകളിലും ഗുരുതരമായ പരിക്കേറ്റ മിഥുൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുളള രാജേഷിനൊപ്പമുണ്ടായവരെ സംഭവ ദിവസം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയകുമാർ, ഷാജി, എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ ദീപു, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.