
പറവൂർ: നഗരത്തിലെ നമ്പൂരിയച്ചൻ ആലിന് സമീപമുള്ള കൃഷ്ണ ജുവലറിയിൽനിന്ന് സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് ഒരു പവന്റെ മാലയുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. മുപ്പത് വയസോളം തോന്നിക്കുന്ന യുവാവ് കടയിലെത്തി മാലകൾ കാണിക്കാൻ ആവശ്യപ്പെട്ടു. ഉടമ ഒരു മാല കാണിച്ചു. ഈ മാലയ്ക്കുപറ്റിയ താലി ഉണ്ടോയെന്ന് തുടർന്ന് ചോദിച്ചു. ഇത് എടുക്കുന്നതിനിടെ യുവാവ് മാലയുമായി കടയിൽനിന്ന് പുറത്തേക്കിറങ്ങി സമീപത്ത് നിറുത്തിയിട്ടിരുന്ന ഇയാൾവന്ന ഓട്ടോറിക്ഷയിൽ കയറിപ്പോയി. ഉടമയായ സ്ത്രീ മാത്രമാണ് ഈ സമയത്ത് കടയിൽ ഉണ്ടായിരുന്നത്. മകൻ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയിരുന്നു.
സ്ത്രീയുടെ ഒച്ചകേട്ട് ഇയാൾ കയറിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ നമ്പൂരിയച്ചൻആൽ ഓട്ടോസ്റ്റാൻഡിലെ ഓട്ടോക്കാരും പുറകെപോയി. ഓട്ടോറിക്ഷകൾ ഹോൺ മുഴക്കി എത്തുന്നത് കണ്ടപ്പോൾ ഓട്ടോഡ്രൈവർ വാഹനം നിർത്താൻ ശ്രമിച്ചു. ഇതിനിടെ യുവാവ് ചാടിയിറങ്ങി ഓടിരക്ഷപെട്ടു. യുവാവ് കയറിയ ഓട്ടോയുടെ ഡ്രൈവർ വിവരം അറിഞ്ഞതോടെ മറ്റ് ഓട്ടോറിക്ഷക്കാരുടെ കൂടെ തിരിച്ച് ജുവലറിയിലെത്തി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
തൃശൂർ ജില്ലയിലെ വലപ്പാടുനിന്ന് ഓട്ടോവിളിച്ചാണ് യുവാവ് പറവൂരിലെത്തിയതെന്നും ഓട്ടോയിൽത്തന്നെയാണ് ഇയാൾ മാല മോഷ്ടിച്ചശേഷം കയറി രക്ഷപെടാൻ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു. വലപ്പാട് നടക്കുന്ന കെട്ടിടനിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പറവൂരിൽ പോകണമെന്ന് പറഞ്ഞാണ് ഓട്ടോവിളിച്ചത്. പറവൂരിൽ എത്തിയശേഷം നഗരത്തിൽ കുറച്ചുനേരം ചുറ്റിക്കറങ്ങി. ഒരു കടയിൽനിന്ന് താക്കോൽ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് ഓട്ടോയിൽനിന്ന് ഇറങ്ങി ജുവലറിയിലേക്ക് കയറിയത്. മോഷ്ടിക്കാൻ വേണ്ടിയാണ് വന്നതെന്ന വിവരം ഓട്ടോ ഡ്രൈവർക്ക് അറിയില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവിന്റെ സി.സി ടിവി ദൃശ്യം സമീപത്തെ കടയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്നാണ് പൊലീസ് നൽകുന്ന സൂചന.