
ആലങ്ങാട്: കരുമാല്ലൂർ മാഞ്ഞാലി മാട്ടുപുറത്ത് വീടുകയറി സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മാഞ്ഞാലി തോപ്പിൽ, മാവിൻചുവട് ഭാഗങ്ങളിലും മാട്ടുപുറത്ത് ആക്രമണം നടന്ന വീട്ടിലുമാണ് തെളിവെടുത്തത്. കരുമാലൂർ വല്യപ്പൻപടിഭാഗത്ത് കോട്ടുവള്ളി കിഴക്കേപ്രം വയലുംപാടംവീട്ടിൽ അനൂപ് (പാക്കൻ അനൂപ് 35), ചെറിയ പല്ലംതുരുത്ത് വാടകയ്ക്ക് താമസിക്കുന്ന ചേന്ദമംഗലം കോട്ടയിൽ കോവിലകം കണ്ണായത്തുപറമ്പിൽ മഹേഷ് (ജിബ്രു 22), കരുമാലൂർ മനക്കപ്പടി സ്വദേശികളായ വെണ്ണാപ്പിള്ളി വീട്ടിൽ ആകാശ് (ചിക്കു 21), തൊടുവിലപറമ്പിൽ വിഷ്ണു (വിവേക് 23), നാൽപതുപറ വീട്ടിൽ ശ്യാംജിത് മണി (അനിക്കുട്ടൻ 22), ചാണയിൽ കോളനിയിൽ പുതുശേരിവീട്ടിൽ കിരൺ (മുംജാസ് 25) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ഇവർ ഒത്തുചേരുന്ന തോപ്പിൽഭാഗത്തുവച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതും അതിനായി പുറപ്പെട്ടതും. സംഭവശേഷം മാവിൻചുവടെത്തി പലവഴി രക്ഷപെട്ടുവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ 29ന് രാത്രിയാണ് ബൈക്കിലെത്തിയ ആറംഗസംഘം മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് ഷാനവാസിനെയും സഹോദരൻ നവാസിനെയും വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. മന്നത്തെ ഹോട്ടലിൽ പ്രതികളും ഷാനവാസും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം.