
തെലുങ്ക് സിനിമയുടെ മുറ്റത്താണ് രോഹിണി ഒാടി കളിച്ചത്. കൗമാരക്കാരിയായി ജീവിച്ചത് മലയാളത്തിൽ.പല വിലാസത്തിൽ അറിയപ്പെടുന്ന രോഹിണി. നടി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഗാനരചയിതാവ്,ആക്ടിവിസ്റ്റ്.എല്ലാ രംഗത്തും കൈയൊപ്പ് പതിപ്പിച്ച യാത്ര.നാലു ഭാഷയിൽ മികച്ച പ്രകടനം നടത്തുന്ന അഭിനേത്രി എന്നതാണ് ഏറ്റവും വലിയ തിളക്കം. മലയാളത്തിന്റെയും തെന്നിന്ത്യൻ സിനിമയുടെയും അതുല്യനടൻ രഘുവരന്റെ പ്രിയ പാതിയായി എത്തിയപ്പോൾ നമ്മൾ രോഹിണിയെ മരുമകളായി കണ്ട് കൂടുതൽ സ് നേഹിച്ചു. രോഹിണിയുടെ അഭിനയജീവിതം നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലെ ഒാൾഡ് ഏജ് ഹോമിൽ ശക്തമായ പകർന്നാട്ടം നടത്തി കൈടയി നേടുന്നു.
ഒാൾഡ് ഏജ് ഹോമിൽ രോഹിണി എന്ന അഭിനേത്രിയെ കാണാൻ കഴിഞ്ഞില്ല ?
സമൂഹത്തിലെ ഏത് വിഭാഗത്തെ നോക്കിയാലും അവഗണന കാണാം. മകൻ ഉപേക്ഷിക്കുന്ന അമ്മയുടെ കഥാപാത്രമായിരുന്നു എന്റേത്. കുടുംബം അവഗണിക്കുന്ന അച്ഛന്റെ കഥാപാത്രമാണ് ജോജുവിന്റേത്. ഇവർ തമ്മിൽ ഉണ്ടാകുന്ന മനോഹരമായ സൗഹൃദം. ധനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അധികം ബുദ്ധിമുട്ടിയില്ല. പ്രേക്ഷകർ സിനിമ കാണുമ്പോൾ പരിചിതം തോന്നി എന്നതാണ് കഥാപാത്രത്തിന്റെ വിജയം. ഈ ചിത്രത്തിന്റെ താളത്തിനൊത്ത ശ്രുതിയിലാണ് എല്ലാവരും അഭിനയിച്ചത്. അഭിനേതാക്കളുടേത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് സംവിധായകൻ ജിയോ ബേബിയുടെ പങ്ക്. ജിയോ ഈ കഥ ആവിഷ്കരിച്ചതിന്റെയും ദൃശ്യവത്കരിച്ചതിന്റെയും രീതിയാണ് ഏറ്റവും വലിയ പ്രത്യേകത.
പല വിലാസത്തിൽ അറിയപ്പെടുമ്പോൾ ആരോടായിരിക്കും കൂടുതൽ അടുപ്പം ?
അഭിനയം തന്നെയാണ് കൂടുതൽ ഇഷ്ടം. സംവിധാനം ചിലപ്പോൾ കുറെ വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ ചെയ്യാൻ പറ്റുന്നൊന്നാണ്. പക്ഷേ അഭിനയിക്കുമ്പോൾ ഒരുപാട് കഥാപാത്രങ്ങളെ ആവിഷ്കരിക്കാൻ സാധിക്കുന്നു. എപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്താൻ കഴിയും. കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിൽ, അതാരാണെന്ന് കൂടുതൽ അറിയുന്നു. അഥവാ ഒരേ തരം കഥാപാത്രങ്ങൾ കിട്ടിയാലും അതിൽ എന്തെങ്കിലും വ്യത്യസ്തത കണ്ടുപിടിക്കണം. ഡബ്ബിംഗും ഈ വിഭാഗത്തിൽ വരുന്നതാണ്.എന്നാൽ ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഡബ്ബ് ചെയ്യാറുള്ളു. അഭിനയിക്കുമ്പോൾ ഒാരോ സിനിമയിലും പുതിയ ഒരാളായി ആണ് ജീവിക്കുന്നത്. അഭിനയം എനിക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന ഇടത്താണ്. ഏതു ഭാഷയിലായാലും ഇപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളും മികച്ചതാണ്.
രോഹിണി മലയാളിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന മലയാളികളുണ്ട് ?
ഇന്നലെയും ഒരാൾ എന്നോട് പറഞ്ഞു, എന്റെ മുഖം കാണാൻ മലയാളികളുടേത് പോലെ തന്നെയാണെന്ന്. ഭാഷാപരമായി നോക്കുമ്പോൾ തമിഴും തെലുങ്കുമാണ് സ്വന്തമെന്ന് തോന്നുന്നത്. എന്നെ ഞാനാക്കിയതും എന്റെ വ്യക്തിത്വം വളർത്തിയതും തമിഴ് സമൂഹമാണ്. പക്ഷേ നടി എന്ന നിലയിൽ എന്നെ ഞാനാക്കിയത് മലയാളം സിനിമയും സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരുമെല്ലാം കൂടിയാണ്. കേരളത്തിൽ ഷൂട്ടിംഗിന് പോകുമ്പോൾ ഭയങ്കര അത്ഭുതവും സന്തോഷവും അനുഭവപ്പെടും. ഞാൻ എന്റെ വേരുകളിലേക്ക് തിരിച്ചുപോകുന്നു എന്ന് തോന്നും. ജീവിതത്തിന്റെ ഒരുപാട് വർഷം ഇവിടെ ചുറ്റിത്തിരിഞ്ഞത് കൊണ്ടായിരിക്കാം.
രോഹിണിക്ക് ആര് ശബ്ദം നൽകുന്നതാണ് ഇഷ്ടം ?
തുടക്കകാലത്ത് ആനന്ദവല്ലി ചേച്ചിയാണ് ശബ്ദം നൽകിയത്. പിന്നെ ഭാഗ്യലക്ഷ്മി, ശ്രീജ തുടങ്ങിവർ. ഒരു കഥാപാത്രത്തിന് ആര് ശബ്ദം നൽകിയാൽ നന്നായിരിക്കുമെന്ന് സംവിധായകനാണ് തീരുമാനിക്കുന്നത്. ഡബ്ബ് ചെയ്ത എന്റെ കഥാപാത്രങ്ങളിൽ എല്ലാം ഞാനൊരു സമ്പൂർണത കണ്ടിട്ടുണ്ട്. അതിന് കാരണം ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ കഴിവാണ്. ബന്ധുക്കൾ ശത്രുക്കൾ സിനിമയിൽ ഞാനാണ് ഡബ്ബ് ചെയ്തത്. അതിൽ തമിഴ് മലയാളി കഥാപാത്രമായിരുന്നു. സിറ്റി ഒഫ് ഗോഡിലും ഞാനാണ് ഡബ്ബ് ചെയ്തത്. ഫ്രീഡം ഫൈറ്റിലെ ധനുവിനും എന്റെ സ്വന്തം ശബ്ദം.
സംവിധാനം ചെയ്യുന്ന മലയാള സിനിമ എപ്പോൾ സംഭവിക്കും?
വൈകാതെ ഉണ്ടാവും. സംവിധാനം ചെയ്ത തമിഴ് ചിത്രം അപ്പാവിൻ മീസൈ കണ്ടാൽ അതൊരു മലയാള സിനിമ ആണെന്ന് തോന്നും. പ്രധാന വേഷത്തിൽ സലിം കുമാർ. സിനിമ എടുത്ത വിധമെല്ലാം മലയാളത്തിന്റേത് പോലെയാണ്. കാരണം മലയാളം സിനിമയാണ് എന്റെ അടിത്തറ. ഞാൻ എഴുതുന്നത് തമിഴിലാണ്. എന്റെ മാതൃഭാഷയായ തെലുങ്കിൽ പോലുമല്ല . പല കാരണം കൊണ്ടാണ് സംവിധാനം വൈകുന്നത്. മകൻ ഋഷി യു.എസിൽ എം.ബി.ബി.എസ് ചെയ്യുന്നു. അതുകുറച്ച് ചെലവേറിയ കോഴ്സ് ആയതുകൊണ്ട് ഞാൻ അഭിനയം തുടർന്ന് കൊണ്ടേയിരുന്നു. ഈ വർഷം കോഴ്സ് പൂർത്തിയാകും. തുടർ പഠനത്തിനുള്ള വഴി അവൻത്തന്നെ കണ്ടുപിടിക്കണം എന്ന് ഞാൻ പറഞ്ഞു. അവനും അത് തന്നെയാണ് പറഞ്ഞത്. പഠന കാര്യവുമായി ബന്ധപ്പെട്ട് ആറ് വർഷം അതിന്റെ ചുമതല എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സംവിധാനം ചെയ്യാത്തത്.
ചില സിനിമകളിൽ ചെറിയ കഥാപാത്രമായി എത്തുന്നു?
കഥാപാത്രങ്ങൾ എത്രമാത്രം സ്വാധീനമുണ്ടാക്കുന്നു എന്നാണ് നോക്കുക. ഇക്കാര്യത്തിൽ എന്നും പ്രചോദനം നെടുമുടി വേണു ചേട്ടനും ഗോപി ചേട്ടനും പിന്നെ രഘുവരനുമാണ്. കഥാപാത്രം വലുതായാലും ചെറുതായാലും അവരെല്ലാം അതിൽ തിളങ്ങും. ഞാൻ എന്റെ ഹൃദയം പറയുന്നത് കേട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ്. ഗ്ലാമറസ് വേഷം ചെയ്യുന്നവരൊന്നും വേലക്കാരിയുടെ വേഷം ചെയ്യില്ല. ഏതു വേഷം ചെയ്യുന്നതിനും എനിക്ക് പ്രശ്നമില്ല. ചില സിനിമയിൽ ദളിത് സ്ത്രീയായി അഭിനയിച്ചു. ആ കഥാപാത്രം എന്നിൽ വന്നത് എന്റെ നിറം കൂടെ കാരണമാകാം. കഥാപാത്രത്തിലൂടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നത് എനിക്ക് വലിയ അഭിമാനമുള്ള കാര്യമാണ്. ഏതുതരം വേഷങ്ങൾക്കായും എന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകർക്ക് നൽകിയിട്ടുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തില്ല.
എപ്പോഴായിരിക്കും സിനിമയെ ഗൗരവമായി കണ്ടു തുടങ്ങിയത് ?
ബാലതാരമായി സിനിമയിലെത്തിയപ്പോൾ അതിൽനിന്ന് ഓടി രക്ഷപ്പെടണം എന്ന ചിന്തയായിരുന്നു. അത് സ്വാഭാവികമല്ലേ. കൗമാരത്തിലാണ് സിനിമ എന്ന കലയുടെ യഥാർത്ഥ രുചി അറിയാൻ തുടങ്ങിയത്. അതുമുതൽ ഞാൻ സിനിമയോടൊപ്പം ജീവിക്കാൻ തുടങ്ങി. ഇതാണ് ഇപ്പോൾ എന്റെ ജീവിത വഴി. വിവാഹശേഷം ഏഴ് വർഷം സിനിമയിൽ നിന്ന് മാറിനിന്നെങ്കിലും അതിന്റേതായ മനോഹാരിത ഉണ്ടായിരുന്നു. മകൻ ജനിച്ചു, അവനെ നോക്കി. ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് ആ സമയം വേണമായിരുന്നു, മകന്റെ വളർച്ചയിൽ കൂടെത്തന്നെയുണ്ടായിരുന്നു ഇപ്പോൾ മകൻ പറയാറുണ്ട് ഷൂട്ടിംഗിന് പോകാത്ത സമയങ്ങളിൽ അമ്മ സ്വസ്ഥമായി ഇരിക്കാറില്ലെന്ന്. പത്തു ദിവസം ഷൂട്ടിംഗ് ഇല്ലെങ്കിൽ അതിന്റെ നിരാശ എന്നിൽ കാണാൻ കഴിയും എന്നും. മൂഡ് മാറുന്നതൊന്നും നമുക്ക് അറിയാൻ കഴിയില്ലല്ലോ. പക്ഷേ കൂടെയുള്ളവർക്ക് മനസിലാകും.
മകന് സിനിമയിലേക്ക് വരാൻ താത്പര്യമില്ലേ ?
സിനിമ ചെയ്യാനുള്ള താത്പര്യം ഇതേവരെ കാണിച്ചിട്ടില്ല. രഘുവിന് സിനിമ എങ്ങനെയാണോ അതുപോലെയാണ് അവനു മെഡിസിൻ. അതിലൊന്നും ഞാൻ ഇടപെടാറില്ല. രഘുവിന്റെ സിനിമകളെല്ലാം ഒരു പ്രേക്ഷകൻ എന്ന രീതിയിൽ അടുത്തിടെയാണ് അവൻ കണ്ടു തുടങ്ങിയത്. അഞ്ജലി, പുരിയാത പുതിർ, ബാഷ തുടങ്ങിയ ചിത്രങ്ങൾ ഞങ്ങൾ ഒന്നിച്ചിരുന്ന് കണ്ടു. രഘുവിന്റെ സിനിമകളിൽ എനിക്ക് ദൈവത്തിന്റെ വികൃതികൾ ആണ് ഏറ്റവും ഇഷ്ടം . രഘുവിന്റെ പഴയ സിനിമകൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. ആദ്യം ഞാൻ രഘുവിന്റെ ആരാധികയായാണ് മാറിയത്. രഘുവിന്റെ പൂർത്തിയാകാത്ത മ്യൂസിക് ആൽബം ഞാൻ റിലീസ് ചെയ്തു. അതിനു കാരണം ആ ആരാധനയാണ്. രഘുവിന്റെ ആരാധകരെല്ലാം ആ സൃഷ്ടിയും ശബ്ദവും കേൾക്കണം എന്നെനിക്ക് തോന്നി. ഫാസിൽ സംവിധാനം ചെയ്ത കണ്ണുക്കുൾ നിലവ് എന്ന ചിത്രം അധികം ആരും പ്രശംസിച്ചു കണ്ടില്ല. അതിൽ രഘുവിന്റെ അഭിനയം അസാദ്ധ്യമാണ്. എല്ലാരെയും പോലെ ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധികയാണ്. നായക വേഷങ്ങൾ ലഭിക്കാത്തതിൽ രഘുവിന് നിരാശയുണ്ടായിരുന്നു. പക്ഷേ ഞാൻ എപ്പോഴും രഘുവിനോട് പറയുമായിരുന്നു പകരം വയ്ക്കാൻ കഴിയാത്ത സ്ഥാനമാണ് നിങ്ങളുടേതെന്ന്. അത് സത്യമാണെന്ന് എല്ലാവർക്കും അറിയാം.