
തലശ്ശേരി: കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ ഹരിദാസനെ വധിക്കാൻ മുൻപും ശ്രമം നടന്നു. ഒരാഴ്ച മുൻപായിരുന്നു വധിക്കാൻ പദ്ധതിയിട്ടത്. കേസിലെ രണ്ടാം പ്രതിയായ പുന്നോൽ കെ വി ഹൗസിൽ കെ വി വിമിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലുള്ള നിജിൻ ദാസിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി. പതിനാലാം തീയതി രാത്രി പത്ത് മണിക്കായിരുന്നു ഹരിദാസനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. എന്നാൽ അന്ന് പല കാരണങ്ങൾ കൊണ്ടും കൃത്യം നടത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങി വരവേ വീടിന് സമീപമായിരുന്നു ആക്രമണം നടന്നത്. കേസിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയലിലെ ശങ്കരനെല്ലൂർ കെ ലിജേഷ് (40), പുന്നോൽ കെ വി ഹൗസിൽ കെ വി വിമിൻ (26), പുന്നോൽ ദേവികൃപയിൽ അമൽ മനോഹരൻ (27), ഗോപാല പേട്ടയിലെ മണി എന്ന സുനേഷ് (28) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
ലിജേഷ് ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് പറയുന്നത്. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. രണ്ട് ബൈക്കുകളിലായാണ് കൊലയാളികൾ എത്തിയത്.
ഫെബ്രുവരി അഞ്ചിന് സമീപത്തുള്ള കോലോത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ബി ജെ പി - സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ഹരിദാസന്റെ സഹോദരൻ സുരേന്ദ്രന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ അഞ്ച് ബി ജെ പി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ഇത് ഹരിദാസൻ പറഞ്ഞു കൊടുത്തതനുസരിച്ചാണെന്ന് കരുതി എതിർപക്ഷം ഭീഷണി മുഴക്കിയിരുന്നു.