
കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ദുരൂഹത തുടരുന്നു. കുട്ടി സ്വയം മുറിവേൽപിച്ചതാണെന്നാണ് അമ്മയും വീട്ടുകാരും പറയുന്നത്. കേസിൽ ആരോപണവിധേയനായ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിനെ ഇന്ന് ചോദ്യം ചെയ്യും.
ടിജിൻ കുഞ്ഞിനെ തല്ലുന്നത് ഇതുവരെ താൻ കണ്ടിട്ടില്ലെന്നും മകളെ ആരും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നൽകിയത്. കുറച്ച് ദിവസങ്ങളായി കുട്ടിയുടെ പെരുമാറ്റം അസാധാരണമായിട്ടായിരുന്നു. ജനലിൽ നിന്നും താഴേയ്ക്ക് ചാടുമായിരുന്നു. അപ്പോൾ പരിക്കുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മകൾ ഒന്നും പറഞ്ഞിരുന്നില്ല. കുന്തിരിക്കം കത്തിച്ചതിൽ എടുത്ത് ചാടിയാണ് പൊള്ളലുണ്ടായതെന്നും അവർ വ്യക്തമാക്കിയിരുന്നു.
താൻ ഒളിവിലല്ലെന്നും പൊലീസിന് മുന്നിൽ ഹാജരാകുമെന്നും ആന്റണി ടിജിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കുട്ടി കളിക്കുന്നതിനിടെയാണ് വീണത്. കരയാത്തതിനാലാണ് ആശുപത്രിയിൽ എത്തിക്കാത്തത്. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ താനാണ് ആശുപത്രിയിലെത്തിച്ചതെന്നും ടിജിൻ പറഞ്ഞു. എന്നാൽ ആന്റണി ടിജിൻ മയക്കുമരുന്നിന് അടിമയാണെന്നും, കുഞ്ഞിനെ ഉപദ്രവിച്ചത് അയാളാണെന്നുമാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.
ഗുരുതര പരിക്കുകളോടെ കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ടര വയസുകാരിയെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയെ സന്ദർശിക്കും. കുട്ടിയുടെ അമ്മയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.