മോസ്‌കോ: റഷ്യ യുക്രെയിനെ ആക്രമിക്കുമോ? എന്തിന് വേണ്ടിയാണു റഷ്യ യുക്രെയിനെ കൈപ്പിടിയിൽ ഒതുക്കാൻ സൈന്യത്തെ ഇറക്കിയിരിക്കുന്നത്? എന്താണ് സമ്പന്ന രാഷ്ട്രമായ റഷ്യയെ കൊതിപ്പിച്ച യുക്രെയിനിൽ ഉള്ളത്? ഇന്ധന കരുതലോ, രത്‌ന സ്വർണ ഖനികളോ? ധാതു സമ്പുഷ്ടതയോ? എന്തിലാണ് റഷ്യയുടെ കണ്ണുകൾ ഉടക്കിയിരിക്കുന്നത്?

ukraine-crisis

റഷ്യയുടെ അതിമോഹത്തിന്റെ വേരുകൾ തേടി എത്ര വർഷം പുറകിലേക്ക് പോകേണ്ടി വരും? ഏകദേശം ഒരുമാസത്തോളമായി ലോകം കേൾക്കുന്ന ചോദ്യമാണ് ഇത്. ഒരുപാട് ഉത്തരങ്ങളും ഈ ചോദ്യത്തിന് ബദലായി ലഭിച്ചിട്ടുണ്ട്. യുക്രെയിനികൾക്ക് എല്ലാം വ്യക്തമായി അറിയാം, എന്താണീ റഷ്യൻ കൊതിയെന്ന്. എന്താണ് പുടിന്റെ ഈ യുക്രെയിൻ അധിനിവേശത്തിനു പിന്നിലെന്ന്...

എന്തിനാണ് ഇത്ര തിടുക്കത്തിൽ റഷ്യ ഇപ്പോൾ ടൊണെറ്റ്‌സ്, ലുഹാൻസ് പ്രദേശങ്ങളെ സ്വതന്ത്ര്യം ആക്കി കൊടുത്തത്? വ്‌ളാഡിമർ പുടിൻ റഷ്യയുടെ സർവാധിപതി ആണെങ്കിൽ ഇപ്പുറത്ത് വൊളോഡിമർ സൊലൻസ്‌കി യുക്രെയിന്റെ ജീവശ്വാസം ആണ്.

71 ശതമാനം യുക്രെയിനികളും വിശ്വസിക്കുന്നത് അവരുടെ രാജ്യം യുദ്ധത്തിന് അരികിൽ ആണെന്നാണ്. റഷ്യ- യുക്രെയിൻ പ്രതിസന്ധിക്ക് പിന്നിൽ സങ്കീർണതകൾ ഏറെയുണ്ട്. ഈ സങ്കീർണതകൾക്ക് ഉത്തരങ്ങൾ വേണമെങ്കിൽ നാം ചരിത്രം പരിശോധിക്കേണ്ടി ഇരിക്കുന്നു. എത്രപേർക്ക് അറിയാം യുക്രെയിൻ തലസ്ഥാനമായ കീവ്, റഷ്യൻ ക്യാപിറ്റലായ മോസ്‌കോയെക്കാൾ പവർഫുൾ ആണെന്ന്. എന്താണ് യുക്രെയിനും റഷ്യയും ആയുള്ള യഥാർത്ഥ പ്രശ്‌നം? യുദ്ധം എന്നത് വെറും മാദ്ധ്യമ സൃഷ്ടി മാത്രമാണോ?

ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കം സ്ലാവിയൻസ് തിങ്ങി പാർക്കുന്ന കെയിവിൻ റൂസ്. കീവ് ആണ് തലസ്ഥാനം. 980- 1015 കാലഘട്ടത്തിൽ കെയിവിൻ റൂസ് ഭരിച്ചിരുന്നത് ഗ്രാൻഡ് പ്രിൻസ് വോളോഡ്മാർ ആണ്. റഷ്യൻസിന് വ്‌ലാദിമിർ ആണെങ്കിൽ യുക്രെയിനികൾക്കു വോളോടിമാർ ആണ്. ഈ രണ്ടു രാജ്യങ്ങളിലെയും ഇപ്പോഴത്തെ പ്രസിഡന്റുമാരുടെ പേരും ഇങ്ങനെ തന്നെ...

റഷ്യൻസും യുക്രെയിനികളും ബലറഷ്യൻസും ഈ സ്ലാവിക് സ്റ്റേറ്റിന് കീഴിലായിരുന്നു. നൂറ്റാണ്ടുകളുടെ ഭരണത്തിനു ശേഷം യുക്രെയിൻ റഷ്യൻ ഭരണത്തിന് കീഴിൽ വന്നു. ഇതിനുശേഷം സോവിയറ്റ് യൂണിയൻ രൂപം കൊണ്ടു. അന്ന് സോവിയറ്റ് യൂണിയനിലെ ഏറ്റവും കരുത്തർ റഷ്യ ആയിരുന്നു. തൊട്ടുപിന്നിൽ യുക്രെയിനും. പ്രതിരോധ മേഖല, ആണവായുധ പരീക്ഷണങ്ങൾ, കൃഷി വ്യവസായം ഇങ്ങനെ എല്ലാത്തിലും മുൻപിൽ റഷ്യ തന്നെ. ശീതയുദ്ധ കാലത്തിനു ശേഷം 1991ൽ സോവിയറ്റ് യൂണിയൻ തകർന്നു. തുടർന്ന് യുക്രെയിൻ ഒരു സ്വതന്ത്ര രാഷ്ട്രമായി. ആണവായുധ ശേഷിയിലും വ്യവസായത്തിലും റഷ്യയോളം കരുത്തർ തന്നെ ആയിരുന്നു അക്കാലത്ത് യുക്രെയിൻ.

യുക്രെയിന്റെ നൂക്ലിയർ ഇൻഹെറിറ്റൻസ് നോക്കാം

176 ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ
1249 നൂക്ലിയാർ വാർഹെഡ്‌സ്
44 സ്ട്രാറ്റജിക് ബോംബേഴ്‌സ്
700 നൂക്ലിയാർ ടിപ്ഡ് ക്രൂസ് മിസൈലുകൾ

2000 ടാക്ടിക്കൽ നൂക്ലിയർ വെപ്പൺസ്

1994ൽ മോസ്‌കോ യുക്രെയിനുമായി ഒരു കരാറിൽ ഒപ്പുവച്ചു. യുക്രെയിന്റെ അന്തസിന് കോട്ടം വരാതെ പരമാധികാരം സംരക്ഷിച്ചു കൊള്ളാം എന്ന ധാരണയിലാണ് അവർ ബോഡോപെസ്റ്റ് എഗ്രിമെന്റിൽ ഒപ്പുവച്ചത്. ബെലാറസ്, കസാക്കിസ്ഥാൻ, യു.കെ, യു.എസ് എന്നിവരുമായി ചേർന്ന് ആയിരുന്നു മെമ്മോറാണ്ടം.

2013 നവംബറിൽ യുക്രെയിൻ പ്രസിഡന്റായ വിക്ടർ യാനൂകോവിച്ചിന് എതിരെ അഴിമതി ആരോപണങ്ങൾ രൂക്ഷമാവുകയും തുടർന്ന് രാജ്യത്ത് കലാപം തുടങ്ങുകയും ചെയ്തു. ഇതിനുപിന്നാലെ 2013ൽ തന്നെ യൂറോപ്യൻ ട്രേഡ് ഡീലിനെ വിക്ടർ യാനൂകോവിച്ച് നിരസിക്കുകയും റഷ്യയുമായി ചേർന്ന് 15 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവയ്ക്കുകയും ചെയ്തു.

വിക്ടർ യാനൂകോവിച്ച് എന്ന പ്രസിഡന്റ് യുക്രെയിനെ മോസ്‌കോയ്ക്ക് വിറ്റു എന്നായിരുന്നു ഈ കരാറിനെ ബഹുഭൂരിപക്ഷം യുക്രെയിനുകളും വിലയിരുത്തിയത്. തുടർന്ന് വൻ കലാപമാണ് പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപം യൂറോപ്പിൽ അറിയപ്പെട്ടതു യൂറോമെയ്ദാൻ എന്നാണ്. ഇന്നത്തെ ഇന്റിപ്പെന്റഡ് സ്‌ക്വയറിൽ ആയിരുന്നു അന്ന് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഈ പ്രതിഷേധത്തെ റഷ്യ പൂർണ്ണമായും പിന്തുണച്ചപ്പോൾ, വെസ്റ്റേൺസ് പ്രതിഷേധക്കാർക്ക് ഒപ്പം നിന്നു. അങ്ങനെ 2014 ഫെബ്രുവരിയിൽ യാനൂകോവിച്ച് സർക്കാർ താഴെ വീണു. അല്ലെങ്കിൽ പ്രതിഷേധക്കാർ താഴെ ഇറക്കി എന്നു വേണം പറയാൻ.

പ്രസിഡന്റിന് യുക്രെയിനിൽ നിന്ന് റഷ്യയിലേക്ക് പലായനം ചെയ്യേണ്ടതായും വന്നു. അന്ന് നടന്ന കലാപത്തെ യുക്രെയിൻ വിപ്ലവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ നടപടിയിൽ ഓരോ യുക്രെയിനികളും സന്തോഷിച്ചിരുന്നു. ധാരാളം വരുന്ന റഷ്യക്കാർ ഈസ്റ്റിൽ ആയതിനാൽ യാനൂകോവിച്ചും അവർക്കൊപ്പം നിലകൊണ്ടു.

യാനൂകോവിച്ച് പുറത്താക്കപ്പെട്ടതോടെ സർക്കാരിനെ പിന്തുണച്ചവർ ധരിച്ചു അവരുടെ അവകാശം നിഷേധിക്കപ്പെട്ടു എന്ന്. ഇതിൽ റഷ്യക്കാർ കോപാകുലരായി തീർന്നു. ഈ അവസരത്തെ മുതലെടുക്കുക ആയിരുന്നു മോസ്‌കോയും ക്രൈമിയയും...

റഷ്യ യുക്രെയിൻ പ്രശ്‌നത്തിൽ എന്തിന് ക്രൈമിയ?

പെനൻസുല ആണ് ക്രൈമിയ. കരിങ്കടലിന് സമീപമാണ് സ്ഥതി ചെയ്യുന്നത്. 1954 ൽ സോവിയറ്റ് നേതാവായ നികിത ഖുർഷെഫ് യുക്രെയിനിൽ നിന്നും റഷ്യയിൽ നിന്നും ക്രൈമിയയെ മാറ്റി. ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു നികിത ഖുർഷെഫിന്റെ നടപടി.

അന്ന് യുക്രെയിനും റഷ്യയും സോവിയറ്റ് യൂണിയന്റെ ഭാഗങ്ങളാണ്. ഈ ഒരു മാറ്റം എന്തിന് ആയിരുന്നു എന്ന് അന്ന് വേണ്ടത്ര മനസിലായിരുന്നില്ല. 1991ൽ യുക്രെയിൻ സ്വതന്ത്രമായ ശേഷം ക്രൈമിയ അവർക്കൊപ്പം ചേർന്നു. പെനൻസുലയ്ക്ക് സ്വയംഭരണ അവകാശവും നൽകി. ഈ സമയം റഷ്യയ്ക്ക് ക്രൈമിയയിൽ സൈനിക താവളങ്ങൾ ഉണ്ടായിരുന്നു.

തുടർന്ന് ക്രൈമിയയുടെ സ്വയംഭരണ അവകാശത്തെ ബഹുമാനിക്കും എന്ന് മോസ്‌കോ അവർക്ക് ഉറപ്പു നൽകി. ഈ സാഹചര്യത്തിൽ ഭൂരിപക്ഷം വരുന്ന റഷ്യക്കാർ യുക്രെയിനുമായി ഒരിക്കലും ചേരരുത് എന്ന് ക്രൈമിയയ്ക്ക് മുന്നറിയിപ്പ് നൽകി . ഇത് വകവയ്ക്കാതെ ആയിരുന്നു ക്രൈമിയയുടെ നടപടി. 2014ൽ റഷ്യൻ സൈന്യം ക്രൈമിയയിലെ സർക്കാർ സ്ഥാപനങ്ങൾ എല്ലാം പിടിച്ചടക്കാൻ തുടങ്ങി. അങ്ങനെ പെനുൻസുല മുഴുവൻ ആയും റഷ്യൻ സൈനിക ഭരണത്തിൻ കീഴിലായി. 2014 മാർച്ച് 16ന് റഷ്യയുമായി ചേരുന്നതിന് ക്രൈമിയ വോട്ടു ചെയ്തു.

ആ വോട്ടെടുപ്പ് നിയമാനുസൃതം ആയിരുന്നോ? ഇതിനുപിന്നാലെ യുക്രെയിനും റഷ്യയുമായി നടന്നതു വൻ സംഘർഷമാണ്. റഷ്യൻ പട്ടാളം യുക്രെയിനിൽ അതിക്രമിച്ചു കടക്കുകയും ചെയ്തു. പിന്നീട് നടന്ന മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ 2014ൽ യുക്രെയിനുമായി റഷ്യ മിൻസ്‌ക് കരാറിൽ ഒപ്പുവച്ചു. ഒരിക്കലും പാലിക്കാത്ത, അല്ലെങ്കിൽ പാലിക്കപ്പെടാൻ റഷ്യ അനുവദിക്കാത്ത ഒരു അനാവശ്യ കരാർ, അതിർത്തി കടന്നുള്ള ഭീകരവാദം, സൈന്യത്തെ പിൻവലിക്കുക, റിബൽ ഏരിയകളിലും വോട്ടെടുപ്പ് നടത്തുക എന്നീ നിബന്ധനകൾ ആയിരുന്നു അതിലുണ്ടായിരുന്നത്.

യുക്രെയിൻ റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായി തന്നെ നിലകൊണ്ടു. 44 മില്യൺ ജനങ്ങൾ പാർക്കുന്ന യുക്രെയിനിൽ ജി.ഡി.പി 155.6 ബില്യൺ ഡോളറാണ്. പർ ക്യാപിറ്റൽ ഇൻകം 3727 ഡോളറിൽ കൂടുതൽ ആണ്.

ഇന്ന് യുക്രെയിൻ ഒന്നാണെങ്കിലും കിഴക്കും പടിഞ്ഞാറും എന്ന വിഭജനം രാജ്യത്തിന് അകത്തുണ്ട്. കിഴക്കൻ യുക്രെയിനികൾ റഷ്യയുമായി ചേർന്നു നിൽക്കുന്നവരാണ്. നിലവിൽ ഏത് സമയവും യുക്രെയിൻ ഒരു യുദ്ധത്തെ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആണ് വിമത മേഖലകളിൽ യുക്രെയിൻ പ്രതിരോധം തീർക്കുന്നതും. യുക്രെയിനിൽ വിമതർ ഭരിക്കുന്നത് രണ്ട് പ്രദേശങ്ങളാണ്. ടൊണെറ്റ്‌സും ലുഹാൻസും. ഈ പ്രദേശങ്ങളെ ആണ് റഷ്യ ഇപ്പോൾ സ്വതന്ത്രമാക്കിയതും അവിടേക്ക് ആയുധങ്ങൾ അയക്കാൻ തുടങ്ങിയതും..

യഥാർത്ഥത്തിൽ വ്‌ളാഡിമർ പുടിന് എന്താണ് വേണ്ടത്?

പുടിന് വേണ്ടത് യുക്രെയിനെ ഒപ്പം ചേർക്കാനുള്ള നീക്കത്തിൽ നിന്ന് നാറ്റോ പിൻമാറണം. നാറ്റോ എന്ന് പറഞ്ഞാൽ നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ. ഇത് ഒരു മിലിട്ടറി അലൈൻസ് ആണ്. ശീതയുദ്ധ കാലത്ത് ഒന്നിച്ചവരാണ് ഈ രാജ്യങ്ങൾ. യുക്രെയിന് നാറ്റോയ്‌ക്കൊപ്പം ചേരാനാണ് താത്പര്യം. എന്നാൽ പുടിന് യുക്രെയിൻ എന്നും സോവിയറ്റ് രാജ്യമായി തന്നെ നിലനിൽക്കണം എന്നാണ് ആഗ്രഹം. ഇതാണ് ഈ സംഘർഷത്തിന് പിന്നിലെ ചെറിയൊരു സ്റ്റോറി.

മറ്റൊന്ന് ആഭ്യന്തര രാഷ്ട്രീയമാണ്. പുടിന് എന്നും റഷ്യയെ ഒരു സൂപ്പർ പവറായി നിലനിർത്താൻ ആണ് താത്പര്യം. യുക്രെയിന് എതിരായ പുടിന്റെ നീക്കത്തെ പത്തിൽ ഒൻപതു പേരും അനുകൂലിക്കുന്നതും പ്രസിഡന്റ് പുടിന് ആത്മ വിശ്വാസം പകരുന്ന ഒന്നാണ്.

വീണ്ടും ചരിത്രത്തിലേക്ക് പോയാൽ കൂടുതൽ റഷ്യക്കാരും വിചാരിക്കുന്നത് യുക്രെയിനെ സ്വതന്ത്രമാക്കിയത് ഒരു വലിയ അബന്ധമാണെന്നാണ്. ശരിയാണ് ഒരു തരത്തിൽ ചിന്തിച്ചാൽ 1991 വരെ യുക്രെയിൻ ഭരിച്ചിരുന്നത് റഷ്യ തന്നെ ആയിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് മുൻപുള്ള വളരെ ചെറിയ കാലഘട്ടം ആയിരുന്നു അത്. മോഡേൺ ഹിസ്റ്ററി പരിശോധിച്ചാലും നമുക്ക് അത് മനസിലാകും. അതായത് ആറിൽ ഒരു യുക്രൈനി സംസാരിക്കുന്നത് റഷ്യൻ ഭാഷയാണ്. അതുപോലെ മൂന്ന് റഷ്യക്കാരിൽ ഒരാൾ യുക്രൻ ഭാഷയും .

പക്ഷേ ഇതൊരു കോളനി വാഴ്ചക്കാലം ആയി മാത്രമേ കണക്കാക്കാൻ സാധിക്കൂ. പുടിൻ പറയുന്നതിനെ അംഗീകരിക്കാൻ ആവില്ല. അതായത് ബ്രിട്ടൺ ഇന്ത്യ ഞങ്ങളുടേത് ആയിരുന്നു എന്ന് പറയുന്നതു പോലെ, സൗത്ത് ആഫ്രിക്ക തങ്ങളുടേത് ആണ് എന്ന് പറയുന്നതു പോലെ. സ്‌പെയിൻ ഫിലിപ്പെയ്ൻസിന് എതിരെ പറയുന്നതു പോലെ. ചുരുക്കി പറഞ്ഞാൽ ഭൂതകാല സാമ്രാജ്യത്വത്തിന് ഇന്നത്തെ വിപുലീകരണത്തെ ന്യായീകരിക്കാൻ കഴിയില്ല എന്ന്.

നിലവിലെ യുക്രെയിനിലെ സാഹചര്യം പരിശോധിച്ചാൽ 70 ശതമാനം പേർ യുക്രെയിനും റഷ്യയും ഒന്നാണ് എന്ന ചിന്തയ്ക്ക് എതിരാണ്. 72 ശതമാനം പേർ റഷ്യയോട് ശത്രുത വച്ചു പുലർത്തുന്നവരും. 33.3 ശതമാനം പേർ റഷ്യയ്ക്ക് എതിരെ ആയുധം എടുക്കാൻ തയ്യാറായി നിൽക്കുന്നു. 21.7 ശതമാനം രാജ്യത്തിന് ഒപ്പം നിന്ന് റഷ്യയെ പ്രതിരോധിക്കാം എന്ന് കരുതുന്നു. 67 ശതമാനം പേർ യൂറോപ്യൻ യൂണിയനിൽ ചേരാൻ തയ്യാറായി നിൽക്കുമ്പോൾ 59 ശതമാനം പേർ നാറ്റോയിൽ ചേരണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.

നിലവിലെ ഭരണാധികാരി വൊളോഡിമർ സൊലൻസ്‌കി റഷ്യയുടെ ഏറ്റവും വലിയ വിമർശകനാണ്. കിഴക്കൻ യുക്രെയിനിലുള്ള റഷ്യൻ കുടിയേറ്റത്തെ അങ്ങേയറ്റം വിമർശിക്കുന്ന സൊലൻസ്‌കി, 73 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആണ് 2019ൽ അധികാരത്തിൽ എത്തിയത്.

ഇന്ന് വൊളോഡിമർ സൊലൻസ്‌കി യുക്രെയിന്റെ ജീവശ്വാസമാണ്. റഷ്യയിൽ നിന്ന് സ്വതന്ത്രമാകുക എന്നതിൽ ഉപരി മറ്റൊന്നും യുക്രെയിനികൾക്കില്ല.പക്ഷേ വ്‌ളാഡിമർ പുടിൻ എന്ന ഏകാധിപതിക്ക് റഷ്യൻ സാമ്രാജ്യത്വം എന്നതിൽ അപ്പുറം മറ്റൊരു വികാരങ്ങളും ഇല്ല. പക്ഷേ ഇത് ഒരിക്കലും യാഥാർത്ഥ്യമാകില്ല. കാരണം ലോകം ചലിക്കുക ആണ്. ചിന്തിക്കുക ആണ്...