ukraine

മുംബയ് : റഷ്യ -യുക്രെയിൻ സംഘർഷം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവാണ് പ്രധാന വെല്ലുവിളി. അസംസ്‌കൃത എണ്ണവില 100 ഡോളർ പിന്നിട്ടിരിക്കുകയാണ്. ഇത് പെട്രോൾ ഡീസൽ വിലയിൽ 12 മുതൽ 14 രൂപവരെ വർദ്ധനവിന് കാരണമാകും.

രാജ്യത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വില വർദ്ധനവ് പ്രതീക്ഷിച്ചിരുന്ന രാജ്യത്ത് പുതിയ പ്രതിസന്ധിയുണ്ടാക്കുന്ന വർദ്ധനവ് വലിയൊരു തിരിച്ചടിയാകും.

ukraine

ഇന്ധനവിലയിലുണ്ടാകുന്ന ഗണ്യമായ വർദ്ധനവ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്‌ടിക്കും. പ്രത്യേകിച്ചും ചരക്ക് ഗതാഗതത്തിന്റെ ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് അവശ്യവസ്‌തുക്കളുടെ വിലയും ആനുപാതികമായിഉയരും. ഇത് പണപ്പെരുപ്പത്തിന് കാരണമാകും. പണപ്പെരുപ്പം ഉണ്ടായാൽ റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്തിയേക്കും.

ഇന്ധനവിലയിലുണ്ടാകുന്ന വർദ്ധനവ് പെട്രോൾ, ഡീസൽ വിലകളെ മാത്രമല്ല, എൽപിജിയിലും മണ്ണെണ്ണയിലും വരെ വൻ വർദ്ധനവ് പ്രതീക്ഷിക്കാം. ഇത് സാധാരണക്കാരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകും. രാജ്യത്തെ പല താപനിലയങ്ങളിലും ദ്രവീകൃത പ്രകൃതിവാതകം ആവശ്യമാണ്. ഇത് വൈദ്യുതി വില വർദ്ധനവിനും കാരണമാകും.

ukraine

മറ്റൊരു തിരിച്ചടി ഗോതമ്പിനുണ്ടാകുന്ന വില വർദ്ധനവാണ്. ലോകത്തിൽ ഗോതമ്പ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യം റഷ്യയാണ്. യുക്രെയിനും തൊട്ടു പിന്നിലുണ്ട്. ഈ രണ്ട് രാജ്യങ്ങളും പ്രതിസന്ധിയിലാകുമ്പോൾ ലോകരാജ്യങ്ങളിലെ ഭക്ഷ്യമേഖലയെ അത് കാര്യമായി ബാധിക്കും. ദരിദ്ര രാജ്യങ്ങൾ കൂടുതൽ പട്ടിണിയിലേക്ക് വീഴാം.

ലോകത്ത് പലാഡിയം ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് റഷ്യ. കൂടാതെ അലൂമിനിയം, ചെമ്പ്, കോബാൾട്ട് എന്നിവയുടെ പ്രധാന ഉത്പാദകരും റഷ്യയാണ്. അതുകൊണ്ട് ലോഹവില ഉയരാനും ഇപ്പോഴത്തെ സൗഹചര്യത്തിൽ സാദ്ധ്യതയുണ്ട്‌. ഇത് വ്യാവസായികമേഖലയ്‌ക്കും വാഹനമേഖലയ്‌ക്കും വൻ തിരിച്ചടി സൃഷ്ടിക്കും.