imran

മോസ്കോ: വിചാരിച്ചത് നടക്കുന്ന ലക്ഷണമില്ലെന്ന് മാത്രമല്ല ഇതുവരെയില്ലാത്ത രീതിയിൽ നാണവും കെട്ടു. മോസ്കോയിൽ സന്ദർശനം നടത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻഖാനാണ് ചരിത്രത്തിലില്ലാത്തവിധം നാണം കെട്ടത്.

വാതക പൈപ്പ് ലൈൻ, സാമ്പത്തിക സഹായം തുടങ്ങിയ വൻ പ്രതീക്ഷകളുമായാണ് ഇമ്രാൻ പരിവാര സമേതം ഇന്നലെ മോസ്കാേയിൽ എത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി, ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി, ആസൂത്രണ വികസന മന്ത്രി അസദ് ഉമർ, വാണിജ്യ ഉപദേഷ്ടാവ് അബ്ദുൾ റസാഖ് ദാവൂദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സാധാരണ ഒരു രാജ്യത്തെ പ്രധാനമന്ത്രിയോ പ്രസിഡന്റോ എത്തുമ്പോൾ റഷ്യൻ പ്രസിഡന്റ് പുടിനോ അല്ലെങ്കിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരോ എത്തിയാവും സ്വീകരിക്കുക. എന്നാൽ ഇമ്രാൻഖാൻ എത്തിയപ്പോൾ ഇതൊന്നുമുണ്ടായില്ല. ഗംഭീര സ്വീകരണം പ്രതീക്ഷിച്ചെത്തിയ ഇമ്രാനെയും കൂട്ടരെയും സ്വീകരിച്ചത് താരതമ്യേന ജൂനിയറായ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗോർ മോർഗുലോവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മാദ്ധ്യമങ്ങളും ഇതൊന്നും കണ്ടതായി നടിച്ചില്ല.

കടക്കെണിയിൽ പെട്ട് നട്ടം തിരിയുന്ന രാജ്യത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്നതാണ് ഇമ്രാൻ ഖാന്റെ ലക്ഷ്യം. അമേരിക്ക ഉൾപ്പടെ നേരത്തേയുള്ള പല സുഹൃത്തുക്കളും പാകിസ്ഥാനെ ഇപ്പോൾ അടുപ്പിക്കില്ല. ഇപ്പോൾ ആകെയുള്ള ആശ്രയം ചൈന മാത്രമാണ്. അടുത്തിടെ ചൈനയിലും ഇമ്രാൻ സന്ദർശനം നടത്തിയിരുന്നു. അന്നവിടെ ഗംഭീര സ്വീകരണമൊന്നും ലഭിച്ചില്ലെങ്കിലും വലിയ തോതിൽ നാണം കെടാതെ രക്ഷപ്പെട്ടിരുന്നു.

റഷ്യയുമായി പാകിസ്ഥാൻ 14,931 കോടിയിലധികം രൂപയുടെ കരാറിൽ ഏർപ്പെട്ടേക്കും എന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വീണ്ടും പാക് പ്രധാനമന്ത്രിയാവാൻ ഉടുപ്പും തച്ചിരിക്കുന്ന ഇമ്രാന് ഈ കരാറിൽ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ പാപി പോകുന്നിടം പാതാളം എന്നുപറഞ്ഞപോലെ മോസ്കോയിൽ ഇമ്രാൻ കാലുകുത്തിയ ഉടനെ യുക്രൈനെതിരായ യുദ്ധവും തുടങ്ങി. ആകെ പ്രശ്ന കലുക്ഷിതമായ അന്തരീക്ഷത്തിൽ ഇമ്രാനും സംഘവുമായി ഒരു കൂടിക്കാഴ്‌ചയ്ക്കോ കരാർ ഒപ്പിടലിനോ ഇള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വിദഗ്‌ധർ പറയുന്നത്.