adani-trivandrum-airport

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി നേരിട്ടു വാങ്ങി, തിരുവനന്തപുരം വിമാനത്താവളത്തിൽ മൂന്നാം ടെർമിനൽ ഉൾപ്പെടെയുള്ള വൻ വികസനത്തിന് അദാനി ഗ്രൂപ്പ് ഒരുങ്ങുന്നു. സമീപത്തെ വാണിജ്യ സമുച്ചയങ്ങൾ ഉൾപ്പെടെ ഏറ്റെടുക്കാനാണ് ആലോചന. പ്രാരംഭചർച്ചകൾ ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് പാതയും പാർവതി പുത്തനാറിന് കുറുകെ പാലവും നിർമ്മിച്ച്, മൂന്നാം ടെർമിനലും വാണിജ്യകേന്ദ്രവും പണിയാനാണ് നീക്കമെന്ന് അറിയുന്നു. വിമാനത്താവള വികസനത്തിന് 18 ഏക്കർ ഏറ്റെടുത്ത് എയർപോർട്ട് അതോറിട്ടിക്ക് നൽകാൻ സർക്കാർ നടപടികൾ തുടങ്ങിയിരുന്നു. അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതോടെ ഇനി അതുണ്ടാകുമോ എന്നാണ് സംശയം. അതിനാലാണ് മറ്റ് ഭൂമി കണ്ടെത്താൻ അദാനി ശ്രമിക്കുന്നത്.

വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ അടുത്ത വർഷം ആദ്യം പുറത്തിറക്കാനും ആലോചനയുണ്ട്. ജലഗതാഗത പാത സജ്ജമാകുന്നതോടെ പാർവതി പുത്തനാറിലേക്ക് വിമാനത്താവളത്തെ ബന്ധിപ്പിക്കും. റൺവേ അടക്കമുളള വികസനം, കൂടുതൽ സർവീസ്, നിരക്ക് കുറവ് എന്നിവയാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.

ക്ലിയർ ട്രിപ്പും വാങ്ങും

ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ക്ലിയർട്രിപ്പിന്റെ ഓഹരികൾ വാങ്ങാനും അദാനി ഗ്രൂപ്പിന് നീക്കമുണ്ട്. നവംബറിൽ ഇടപാടുകൾ നടന്നേക്കും. ഇപ്പോൾ വാൾമാർട്ടിന്റെ കീഴിലുളള ഫ്ളിപ്പ്കാർട്ട് ഗ്രൂപ്പിന്റെ ഭാഗമാണ് ക്ലിയർട്രിപ്പ്.

ഓൺലൈൻ ടാക്സി

യാത്രക്കാരുടെ പരാതിയെ തുടർന്ന് വിമാനത്താവളത്തിൽ ഓൺലൈൻ ടാക്സിക്കായി പ്രത്യേക പിക്കപ്പ് പോയിന്റുകൾ ആരംഭിക്കാനും അദാനി ഗ്രൂപ്പ് ആലോചിക്കുന്നു. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സേവനം ലഭ്യമാക്കും. അതേസമയം,ഓൺലൈൻ ടാക്സികൾ വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനെ ശക്തമായി എതിർക്കുകയാണ് ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ. 318 ടാക്സികളാണ് ഇപ്പോൾ വിമാനത്താവളത്തിൽ ഉള്ളത്.