sebi

ന്യൂഡൽഹി: ഓഹരി വിപണിയുടെ നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) പുതിയ ചെയർമാനെ കേന്ദ്രസർക്കാർ ഉടൻ നിയമിച്ചേക്കും. നിലവിലെ ചെയർമാൻ അജയ് ത്യാഗിക്ക് അനുവദിച്ച അധികകാലാവധി ഈമാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.

കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും സെബിയിലെ മുൻ അംഗങ്ങളും ചെയർമാൻ പദവിക്കായി അപേക്ഷിച്ചവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ ഒക്‌ടോബറിലാണ് കേന്ദ്രം അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ ആറ് ആയിരുന്നു. അതേസമയം, അജയ് ത്യാഗിക്ക് കാലാവധി വീണ്ടും നീട്ടിനൽകാനുള്ള സാദ്ധ്യതയും തള്ളാനാവില്ല.

ഹിമാചൽ കേഡറിൽ നിന്നുള്ള 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അജയ് ത്യാഗി, 2017 മാർച്ച് ഒന്നിനാണ് സെബിയുടെ തലവനായത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. എന്നാൽ, പിന്നീട് രണ്ടുഘട്ടങ്ങളിലായി ഈമാസം അവസാനംവരെ അദ്ദേഹത്തിന് കേന്ദ്രം കാലാവധി നീട്ടിനൽകുകയായിരുന്നു.

കവിയരുത് 65 വയസ്

കേന്ദ്ര കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ഫിനാൻഷ്യൽ സെക്‌ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ്‌സ് സെർച്ച് കമ്മിറ്റിയാണ് (എഫ്.എസ്.ആർ.എ.എസ്.സി) അപേക്ഷകരിൽ നിന്ന് യോഗ്യരെ ഷോർട്ട് ലിസ്‌റ്റ് ചെയ്യുന്നത്. ഷോർട്ട് ലിസ്‌റ്റിലുള്ളവരെ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി അദ്ധ്യക്ഷനായ പാനൽ അഭിമുഖം നടത്തി, വീണ്ടും ഷോ‌ർട്ട് ലിസ്‌റ്റ് തയ്യാറാക്കി, എഫ്.എസ്.ആർ.എ.എസ്.സിക്ക് കൈമാറും.

അവർ ഈ പട്ടിക പ്രധാനമന്ത്രി അദ്ധ്യക്ഷനായ കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിക്ക് നൽകും. കമ്മിറ്റിയാണ് ചെയർമാനെ തിരഞ്ഞെടുക്കുക. അഞ്ചുവർഷത്തേക്ക് അല്ലെങ്കിൽ 65വയസ് തികയുന്നതുവരെയാണ് (ഏതാണോ ആദ്യം വരുന്നത്) പുതിയ ചെയർമാന് കാലാവധി.