
തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിലാരംഭിച്ച റെസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം മൂന്നു മാസം പിന്നിട്ടപ്പോൾ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത് ഒരുകോടി രൂപയിലധികം വരുമാനം. 13,435 ഓൺലൈൻ ബുക്കിംഗുകളിലൂടെ 83,11,151 രൂപയാണ് ലഭിച്ചത്. റെസ്റ്റ് ഹൗസ് കൗണ്ടറുകളിലൂടെയുള്ള 4,524 ബുക്കിംഗുകളിലൂടെ 28,70,369 രൂപയും ലഭിച്ചു. ആകെ 17,959 ബുക്കിംഗുകളിലൂടെ ലഭിച്ചത് 1,11,81,520 രൂപ. മുമ്പൊരിക്കലും ഇതിന്റെ മൂന്നിലൊന്നുപോലും ലഭിച്ചിട്ടില്ല.
151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളാണ് ഓൺ ലൈൻ ബുക്കിംഗ് സംവിധാനമുള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യത്തിലാണ് 'പീപ്പിൾസ് റസ്റ്റ് ഹൗസുകളാക്കി' ഓൺലൈൻ ബുക്കിംഗ് സജ്ജമാക്കിയത്.
പകുതിയായപ്പോഴേക്കും ബുക്കിംഗുകൾ വീണ്ടും ഉയർന്നു.
തലസ്ഥാനത്തെ തൈയ്ക്കാട് റസ്റ്റ് ഹൗസാണ് ബുക്കിംഗ് വരുമാനത്തിൽ ഒന്നാമത്. ചാലക്കുടി, മൂന്നാർ, എറണാകുളം എന്നിവയാണ് തൊട്ടുപിന്നിൽ. റെസ്റ്റ് ഹൗസുകൾ ജനകീയമായതോടെ കാന്റീൻ, പാർക്കിംഗ്, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും വിപുലീകരിക്കുകയാണ്. വൈദ്യുതി തടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ജനറേറ്റർ, ഇൻവർട്ടർ സംവിധാനങ്ങളും സജ്ജമാക്കും.
കൊവിഡാനന്തരം വ്യവസായമേഖലകളും ജനജീവിതവും സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ റെസ്റ്റ് ഹൗസുകളെ വരുമാനദായക സംരംഭങ്ങളാക്കാനാണ് സർക്കാർ നീക്കം. സന്ദർശകരുടെ അഭിപ്രായം മാനിച്ച് വിശ്രമമന്ദിരങ്ങളിൽ ഭിന്നശേഷി സൗഹൃദമാക്കാനും, കംഫർട്ട് സ്റ്റേഷനുകൾ, പൂന്തോട്ടങ്ങൾ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
റെസ്റ്റ് ഹൗസുകളുടെ ചിത്രങ്ങളും വിലാസവുംഫോൺനമ്പരും www.resthouse.pwd.kerala.gov.in എന്ന ബുക്കിംഗ്‌പോർട്ടലിലുണ്ട്. ഓൺലൈൻ ബുക്കിംഗിലോ റെസ്റ്റ് ഹൗസുകളുടെ പ്രവർത്തനത്തിലോ ബുദ്ധിമുട്ടുണ്ടായാൽ 04712996946, 2997946, 2998946 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാൻസലേഷനും നിരക്ക് പരിശോധിക്കാനും സേവനം വിലയിരുത്താനുമുള്ള സംവിധാനവും ഓൺലൈനിലുണ്ട്.
സർക്കാരിനടിച്ച 'ബുക്കിംഗ് ബമ്പർ'
മൂന്നുമാസത്തെ ഓൺലൈൻ ബുക്കിംഗ്- 13,435
വരുമാനം- 83,11,151 രൂപ
റെസ്റ്റ് ഹൗസ് കൗണ്ടറുകളിലെ ബുക്കിംഗ്- 4,524
വരുമാനം- 28,70,369 രൂപ
ആകെ ബുക്കിംഗ്- 17,959
ആകെ വരുമാനം- 1,11,81,520 രൂപ
151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളിൽ ഓൺ ലൈൻ ബുക്കിംഗ്
നിരക്കുകൾ
എ.സി റൂം:
ക്ലാസ്1- 1000രൂപ,
ക്ലാസ് 2- 750 രൂപ
നോൺ എ.സി റൂം:
ക്ലാസ്1- 600രൂപ,
ക്ലാസ് 2- 400രൂപ
അഡിഷണൽ ബെഡിന്- 150 രൂപ