
മുസ്ലീം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പൻ തെയ്യത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ചർച്ചയായ ഒന്നാണ്. തന്റെ മുന്നിലെത്തിയ പർദ ധരിച്ച സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയായിരുന്നു മുത്തപ്പൻ. കാസർകോട് വലിയ പറമ്പ സ്വദേശിനിയായ റംലത്താണ് ആ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്.
തൊട്ടടുത്ത വീട്ടിൽ മുത്തപ്പൻ തെയ്യം വന്നതറിഞ്ഞ് അവിടേക്ക് പോയതായിരുന്നു റംലത്ത്. മുത്തപ്പന് കൊടുക്കാനായി 20 രൂപ കൈയിൽ മുറുക്കി പിടിച്ചിരുന്നു. അവിടെ ചെന്നപ്പോൾ മുസ്ലീം സ്ത്രീയായി ആകെയുണ്ടായിരുന്നത് താനാണെന്നും പേടി കൊണ്ട് പിന്നിലേക്ക് മാറി നിന്നതുമാണെന്ന് റംലത്ത് പറയുന്നു. അപ്പോഴാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണെന്ന് തോന്നിപ്പോയോ എന്ന് മുത്തപ്പൻ ചോദിക്കുന്നത്.
' ആദ്യമായിട്ടാ മുത്തപ്പനെ കാണുന്നത്. തെയ്യം നിക്കണ കണ്ട് പൈസ കൊടുക്കാനായി വന്നതാണ്, അടുത്തേക്ക് വന്നപ്പോൾ വിഷമങ്ങളെല്ലാം പറഞ്ഞു. വീഡിയോ ആക്കിയതൊന്നും ഞാൻ അറിഞ്ഞില്ല. പല ഭാഗത്ത് നിന്നും ആൾക്കാർ വിളിക്കാൻ തുടങ്ങിയപ്പോഴാണ് വൈറലായതെന്ന് അറിഞ്ഞത്. ഒരുപാട് പേർ വിളിച്ച് സഹായിക്കാമെന്ന് പറയുന്നുണ്ട്."
രണ്ട് വർഷം മുൻപ് റംലത്തിന്റെ ഭർത്താവ് അബ്‌ദുൾ കരീമിന് ജോലി നഷ്‌ടമായി. മുംബയിലെ ഹോട്ടൽ തൊഴിലാളിയായിരുന്നു കരീം. ഇവർക്ക് മൂന്നു മക്കളുണ്ട്. ഒൻപതിൽ പഠിക്കുന്ന ആൺകുട്ടിയും ഏഴിലും നാലിലും പഠിക്കുന്ന രണ്ട് പെൺമക്കളും. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് കുടുംബം.
'കണ്ണ് കലങ്ങണ്ടാന്നും പേടിക്കണ്ട, മുത്തപ്പനുണ്ടെന്നും പറഞ്ഞപ്പോൾ സങ്കടം വന്നു. അങ്ങനെയാണ് എല്ലാ വിഷമങ്ങളും മുത്തപ്പനോട് പറഞ്ഞത്. ചിലർ മുത്തപ്പനെ കാണാൻ പോയതിന് എന്നെ വിമർശിക്കുന്നുണ്ട്. അതൊന്നും ഞാൻ കാര്യമാക്കുന്നില്ല. " റംലത്ത് പറഞ്ഞു.