
വാഷിംഗ്‌ടൺ: ഒന്നുകിൽ മൂന്നാംലോക മഹായുദ്ധത്തിന് വഴിതുറക്കുക;അല്ലെങ്കിൽ ലോകം കണ്ട ഏറ്റവും ബലഹീനനായ അമേരിക്കൻ പ്രസിഡന്റ് എന്ന പേരുദോഷം സ്വന്തമാക്കുക. ഇത് രണ്ടായിരുന്നാലും റഷ്യ- യുക്രെയിൻ യുദ്ധം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് അഗ്നി പരീക്ഷയാണ്.
പ്രസിഡന്റായി അധികാരമേറ്റപ്പോൾ തന്നെ 'അമേരിക്ക കണ്ട ഏറ്റവും ബലഹീനനായ പ്രസിഡന്റ്, കൊവിഡ് അവരോധിച്ച പ്രസിഡന്റ്'എന്നൊക്കെയായിരുന്നു ബൈഡന്റെ വിശേഷണങ്ങൾ. കൊവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടില്ലായിരുന്നു എങ്കിൽ ഒരിക്കലും ട്രംപിനെ പ്രതിരോധിക്കാൻ ബൈഡന് കഴിയുമായിരുന്നില്ല എന്നായിരുന്നു ചില അമേരിക്കൻ മാദ്ധ്യമങ്ങൾ ഉൾപ്പടെ വിശേഷിപ്പിച്ചത്. അഫ്ഗാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിച്ചത് ബലഹീനൻ എന്ന വിശേഷണത്തിന് വീണ്ടും ആക്കംകൂട്ടി.
നാറ്റോയിൽ ചേരാൻ യുക്രെയിനെ അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടുക്കുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞപ്പോൾ പതിവുഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. പക്ഷേ, റഷ്യയെ പിന്തിരിപ്പിക്കാൻ അതിന് കഴിഞ്ഞില്ല. ഉപരോധം, സൈനിക നടപടി തുടങ്ങിയവ പറഞ്ഞ് റഷ്യയെ വിരട്ടാൻ നോക്കിയതും ഏശിയില്ല. ആക്രമിക്കില്ലെന്നും സൈന്യത്തെ പിൻവലിക്കുമെന്നും റഷ്യ പറഞ്ഞപ്പോൾ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങി എന്നതോന്നലുണ്ടാക്കി. പക്ഷേ,അത് തെറ്റായിരുന്നു എന്ന് ബൈഡന് മനസിലായത് ഇന്നുരാവിലെ റഷ്യ യുക്രെയിനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴാണ്. തിരിച്ചടിക്കാൻ ഭയക്കുന്ന, ഒന്നിനും കൊള്ളാത്ത അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ എന്ന് റഷ്യക്ക് നന്നായി ബോദ്ധ്യപ്പെട്ടതിന്റെ സൂചനയായാണ് ഇതിനെ വിദേശകാര്യ വിദഗ്‌ധർ ഉൾപ്പടെ വിലയിരുത്തുന്നത്.

എത്രയും പെട്ടെന്ന് യുക്രെയിനിൽ നിന്ന് പിന്മാറമെന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് ശക്തമായ ഭാഷയിലാണ് റഷ്യ മറുപടി നൽകിയത്. ബാഹ്യശക്തികൾ ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കും എന്നുപറഞ്ഞ റഷ്യ ഏത് തരത്തിലുള്ള ആയുധങ്ങൾ പ്രയോഗിക്കാൻ മടിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ബൈഡനെ കൂടുതൽ കുഴപ്പത്തിലാക്കിയിരിക്കുന്നത്. തിരിച്ചടിച്ചാൽ കടുത്ത നടപടിക്ക് റഷ്യ മുതിർന്നേക്കും. അങ്ങനെ വന്നാൽ അതിനിടയാക്കി എന്ന ദുഷ്‌പേര് ബൈഡനെ ഒരുകാലത്തും വിട്ടൊഴികയുമില്ല. ഇനി റഷ്യൻ ഭീഷണിക്കുമുന്നിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്നുതന്നെ ബൈഡന്റെ രക്തത്തിനായുള്ള മുറവിളി ഉയരുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇപ്പോൾ തന്നെ ജനപ്രതീയിൽ കുറവുവന്ന ബൈഡന്റെ രാഷ്ട്രീയ ഭാവിയെയും ഇത് കാര്യമായി ബാധിക്കും.
അമേരിക്കയുടെ ആ മോഹം
സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്നപ്പോൾ അതിനെ തകർക്കുകയായിരുന്നു അമേരിക്കയുടെ ഏറ്റവും വലിയ ലക്ഷ്യം. അത് അവർ വിജയകരമായി നിറവേറ്റി.പക്ഷേ, അപ്പോഴും റഷ്യ വൻ ശക്തിയായിതന്നെ നിലകൊണ്ടു. ആരെയും ഭയക്കാതെ അവർ മുന്നോട്ടുപോയി. പുടിൻ അധികാരത്തിലെത്തിയതോടെ റഷ്യയുടെ ശക്തി കൂടിവന്നു. ഒടുവിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വരെ ഇടപെടുന്ന ഘട്ടമുണ്ടായി. റഷ്യയിൽ പുടിനെതിരെ അമേരിക്ക ചില ഇടപെടലുകൾ നടത്തിനാേക്കിയെങ്കിലും അതിനെയെല്ലാം പുടിൻ മുളയിലേ നുള്ളി. റഷ്യയെ എങ്ങനെയും തളച്ച് ലോക പൊലീസ് എന്ന പദവി ഇളകാതെ സൂക്ഷിക്കുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ഇതിനുവേണ്ടി റഷ്യയെ വരിഞ്ഞുമുറുക്കനാണ് അയൽപക്കത്തുള്ള യുക്രെയിനെ മിലിട്ടറി അലൈൻസായ നാറ്റോയിൽ ഉൾപ്പെടുത്താൻ അമേരിക്ക കിണഞ്ഞു ശ്രമിക്കുന്നത്. യുക്രെയിൻ നാറ്റോയിൽ അംഗമായാൽ അവിടെ സൈനിക കേന്ദ്രങ്ങൾ സ്ഥാപിക്കുക അമേരിക്കയ്ക്ക് എളുപ്പമാകും. ഇതിലൂടെ റഷ്യയ്ക്ക് തീരാ തലവേദന ഉണ്ടാക്കുകയും ചെയ്യാം. പരസ്പര സഹായം എന്ന നാറ്റോയുടെ പ്രഖ്യാപിത നയം ഉള്ളതിനാൽ യുക്രെയിനെതിരെ എന്തെങ്കിലും നടപടിക്ക് റഷ്യ മുതിർന്നാൽ സൈനിക നടപടിക്കും തടസമില്ല. ഇതെല്ലാം മനസിലാക്കി അമേരിക്കയുടെയും യുക്രെയിനിന്റെയും മോഹം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് റഷ്യയുടെ ലക്ഷ്യം.