
യുക്രെയിനിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. മൂന്നാം ലോക മഹായുദ്ധത്തിന്റെ വഴിയിലേക്കാണോ ലോകം നീങ്ങുന്നതെന്ന ഭയത്തിലാണ് ജനത. ഈ ഘട്ടത്തിൽ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഒരേയൊരു നേതാവാണ്. റഷ്യയുടെ സർവാധികാരി വ്ളാഡിമിർ വ്ളാഡിമിറോവിഷ് പുടിൻ എന്ന സർശക്തനായ നേതാവ്. പുടിനെ കുറിച്ചുള്ള നിരവധി വിശേഷണങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. അതിൽ പലരും ശ്രദ്ധിച്ച ഒന്നുണ്ട്; പുടിന്റെ നടത്തം. പ്രസിദ്ധമായ ആ നടത്തത്തിന് ലോകം നൽകിയ പേര് 'ആൽഫ മെയിൽ വാക്ക്' എന്നാണ്.
എന്താണ് 'ആൽഫ മെയിൽ വാക്ക്'
വലത് കൈ അനക്കാതെയും ഇടത് കൈ നീളത്തിൽ വീശിയുമാണ് പുടിൻ നടക്കുക. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിലെ ആയുധ പരിശീലനത്തിന്റെ സ്വാധീനമാണ് ആ നടത്തത്തിന് പിന്നിൽ എന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. എന്നാൽ പുടിന് പാർക്കിൻസൺ രോഗ ലക്ഷണങ്ങളുണ്ടെന്നും, വലത് കൈ അനക്കി നടക്കാൻ കഴിയാത്തതിന് കാരണം അതാണെന്നുമാണ് ചില വിമർശകർ അടക്കം ചൊല്ലുന്നത്.
എന്നാൽ കെജിബിയിലെ ട്രെയിനിംഗ് മാനുവൽ വിശ്വസിക്കുകയാണെങ്കിൽ സംഗതി കുറച്ചുകൂടി ശാസ്ത്രീയമാണ്. മാനുവലിൽ പറയുന്നത് പ്രകാരം കെജിബിയിൽ നിന്ന് പരിശീലനം ലഭിക്കുന്ന സൈനികർ അവരുടെ വലത് കൈയിലാണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്. നെഞ്ചിനോട് ചേർത്ത് പിടിച്ച് കൈ അനങ്ങാത്ത രീതിയിലാവും ഇവർ നടക്കുക. പെട്ടെന്ന് ശത്രു മുന്നിൽ വരികയാണെങ്കിൽ അറ്റാക്ക് ചെയ്യാൻ ഈ രീതിയാണ് പ്രയോജനകരം എന്നാണ് റഷ്യൻ സേന വിശ്വസിക്കുന്നത്.
എന്തായാലും നടത്തത്തിൽ മാത്രമല്ല ജീവിത രീതിയിലും വളരെയേറെ ദുരൂഹതകൾ ഉണർത്തുന്ന വ്യക്തിത്വമാണ് വ്ളാഡിമിർ പുടിന്റെത്. ലെനിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിച്ച ഭരണാധികാരി എന്ന വിശേഷണം പുടിൻ നേടി എടുത്തത് അത്ര സരളമായ വഴികളിലൂടെയായിരുന്നില്ല. തന്റെ സർവാധികാരത്തിന് ഹാനി സംഭവിക്കുന്നതൊന്നും അനുവദിക്കാൻ പുടിൻ അനുവദിക്കുകയുമില്ല. യുക്രെയിനെതിരെ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകാൻ സൈനിക കമാൻഡർമാർക്ക് പുടിൻ അനുവാദം നൽകിയതും അതുകൊണ്ടുതന്നെ.